കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് എടികെ ഓസ്‌ട്രേലിയന്‍ മധ്യനിര താരം ഡാരിയോ വിഡോസിച്ചുമായി കരാറിലെത്തി. അറ്റാക്കിംഗ് മിഡ് ഫീല്‍ഡറായ മുപ്പത്തിരണ്ടുകാരനായ താരം മെല്‍ബണ്‍ സിറ്റി എഫ്‌‌സിയില്‍ നിന്നാണ് എടികെയിലെത്തിയത്. എടികെയുമായി കരാറിലെത്തിയതിന്‍റെ ആകാംക്ഷയിലാണ് താനെന്ന് വിഡോസിച്ച് പ്രതികരിച്ചു. 

ക്രൊയേഷന്‍ വംശജനായ വിഡോസിച്ച് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ താരമാണ്. രണ്ടായിരത്തില്‍ ക്യൂന്‍സ്‌ലന്‍ഡ് ലയണ്‍സിലൂടെ യൂത്ത് കരിയര്‍ ആരംഭിച്ച താരം 2006-07 സീസണില്‍ ബ്രിസ്‌ബേന്‍ റോറിലൂടെ സീനിയര്‍ കുപ്പായമണിഞ്ഞു. പിന്നീട് നിരവധി ക്ലബുകളുടെ ഭാഗമായ താരം 2017ല്‍ മെല്‍ബണ്‍ സിറ്റിയിലേക്ക് ചേക്കേറിയതോടെ കൂടുതല്‍ ശ്രദ്ധ നേടി. 

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ജപ്പാനെതിരെ 2009ല്‍ വിഡോസിച്ച് ഓസ്‌ട്രേലിയക്കായി അരങ്ങേറി. ഓസ്‌ട്രേലിയക്കായി ഇതുവരെ 23 മത്സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ട് ഗോള്‍ നേടി.