മാഞ്ചസ്റ്റര്‍: സ്‌പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പുതിയ കരാര്‍. പുതുക്കിയ കരാര്‍പ്രകാരം 2023 വരെ ഡി ഹിയ യുണൈറ്റഡില്‍ തുടരും. ഇരുപത്തിയെട്ടുകാരനായ താരത്തിന് ആവശ്യമെങ്കില്‍ 12 മാസം കൂടി കരാര്‍ നീട്ടി 2024 വരെ തുടരാനുള്ള വ്യവസ്ഥ പുതുക്കിയ കരാറിലുണ്ട്. 

2011 മുതല്‍ യുണൈറ്റഡിലുണ്ട് ഡേവിഡ് ഡി ഹിയ. എട്ട് വര്‍ഷം വമ്പന്‍ ക്ലബിനൊപ്പം കളിക്കാനായതും വീണ്ടും തുടരാനാവുന്നതും വലിയ അംഗീകാരമാണ് എന്നാണ് ഡി ഹിയയുടെ പ്രതികരണം. 'യുണൈറ്റഡില്‍ എത്തുമ്പോള്‍ 350ലധികം മത്സരങ്ങള്‍ കളിക്കാനാവുമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ല. എന്‍റെ ഭാവി ഇവിടെ ഉറച്ചുകഴിഞ്ഞു. യുണൈറ്റഡിനായി ഇനിയും ട്രോഫികള്‍ നേടാനാവും എന്നാണ് പ്രതീക്ഷ' എന്നും ഹിയ പ്രതികരിച്ചു. 

യുണൈറ്റഡില്‍ ഡി ഹിയ തുടരുന്നതിന്‍റെ സന്തോഷം പരിശീലകന്‍ ഒലെ സോള്‍സ്‌ഷെയര്‍ പ്രകടിപ്പിച്ചു. ലോകത്തെ ഏറ്റവും മികച്ച താരമാണെന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹിയ തെളിയിച്ചു. യുണൈറ്റഡിനെ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള പദ്ധതികളിലെ നിര്‍ണായക താരമാണ് ഹിയയെന്നും അദേഹം പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 367 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ഡേവിഡ് ഡി ഹിയ. ക്ലബിനൊപ്പം പ്രീമിയര്‍ ലീഗ്, ലീഗ് കപ്പ്, കമ്മ്യൂണിറ്റി ഷീല്‍ഡ്, യുറോപ്പ ലീഗ് കിരീടങ്ങള്‍ നേടി.