മാഞ്ചസ്റ്റര്‍: സ്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള കരാര്‍ നീട്ടി. 2023 വരെ ക്ലബ്ബില്‍ തുടരുന്ന നിലയിലുള്ള കരാറില്‍ ഡി ഹിയ ഒപ്പുവെച്ചു. ഒരു വര്‍ഷം കൂടി അധികമായി ക്ലബ്ബില്‍ തുടരാമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്. ഒരാഴ്ചയില്‍ മൂന്നേമുക്കാല്‍ ലക്ഷം യൂറോ ഡിഹിയക്ക് പ്രതിഫലം ലഭിക്കും. 28കാരനായ ഡി ഹിയ 2011ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയത്.

ക്ലബ്ബിനായി ഇതുവരെ 367 മത്സരങ്ങള്‍ കളിച്ചു. പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, യൂറോപ്പ ലീഗ്, ലീഗ് കപ്പ്, കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടനേട്ടങ്ങളിലും പങ്കാളിയായി. മുതിര്‍ന്ന താരമെന്ന നിലയില്‍ യുവതാരങ്ങള്‍ക്ക് വഴികാട്ടിയായി ക്ലബ്ബില്‍ തുടരുമെന്ന് ഡി ഹിയ പറഞ്ഞു.

ലോകത്തെ ഏറ്റവും മികച്ച ഗോളിയെന്ന് ഡി ഹിയ പലവട്ടം തെളിയിച്ചതാണെന്ന് യുണൈറ്റഡ് പരിശീലകന്‍ ഒലേ സോള്‍ഷെയര്‍ അഭിപ്രായപ്പെട്ടു.