മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഡീഗോ കോസ്റ്റക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോസ്റ്റക്ക് പുറമെ അത്‌ലറ്റിക്കോയുടെ മറ്റൊരു താരമായ സാന്റിയാഗോ അരിയാസിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ഹോം ഐസൊലേഷനിലാണെന്ന് അത്‌ലറ്റിക്ക് മാഡ്രിഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വ്യാഴാഴ്ച  ലാ ലിഗ സീസണ് മുന്നോടിയായി ടീം അംഗങ്ങള്‍ക്ക് നടത്തിയ പരിശോധനയിലാണ് കോസ്റ്റക്കും അരിയാസിനും കൊവിഡ് സ്ഥിരീകരിച്ചതെന്ന് ടീം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇരുവരും അവധിക്കാലം ആഘോഷിക്കുകയായിരുന്നു. ഇരുവരുമില്ലാതെ വരും സീസണിലേക്കുള്ള ടീം അംഗങ്ങള്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങുമെന്നും ക്ലബ്ബ് വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഫ്രഞ്ച് ഗോള്‍കീപ്പര്‍ സ്റ്റീവ് മന്‍ഡാന്ദക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഇരുവരെയും യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തിനുള്ള ഫ്രഞ്ച് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.