Asianet News MalayalamAsianet News Malayalam

മറഡോണയുടെ മരണം ഡോക്‌ടര്‍മാരുടെ അനാസ്ഥ? ഏഴ് പേര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ്

വേദനയുടെ സൂചനകള്‍ 12 മണിക്കൂറോളം പ്രകടിപ്പിച്ച മറഡോണയ്‌ക്ക് മതിയായ വൈദ്യസഹായം ലഭിച്ചില്ലെന്നും കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ ജീവന്‍ നിലനിര്‍ത്താമായിരുന്നു എന്നും മെഡിക്കല്‍ ബോര്‍ഡ് ഈ മാസാദ്യം പോസിക്യൂട്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. 

Diego Maradona death seven people treated him charged with involuntary manslaughter report
Author
Buenos Aires, First Published May 21, 2021, 12:32 PM IST

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ മരണത്തിന് മുമ്പ് ചികിത്സിച്ച ന്യൂറോസര്‍ജന്‍ ലിയോപോള്‍ഡ് ലൂക്ക് ഉള്‍പ്പടെ ഏഴ് പേർക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട്. മസ്‌തിഷ്‌ക ശസ്‌ത്രക്രിയ പൂര്‍ത്തിയായതിന് രണ്ടാഴ്‌ചയ്‌ക്ക് ശേഷം കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണ മരണമടയുകയായിരുന്നു. 

മറഡോണയുടെ മരണം അനാസ്ഥ മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വേദനയുടെ സൂചനകള്‍ 12 മണിക്കൂറോളം പ്രകടിപ്പിച്ച മറഡോണയ്‌ക്ക് മതിയായ വൈദ്യസഹായം ലഭിച്ചില്ലെന്നും കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ ജീവന്‍ നിലനിര്‍ത്താമായിരുന്നു എന്നും മെഡിക്കല്‍ ബോര്‍ഡ് ഈ മാസാദ്യം പോസിക്യൂട്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. അര മണിക്കൂറോളം വൈകിയാണ് ആംബുലന്‍സ് എത്തിയതെന്നും അത് കുറ്റകരമായ വീഴ്‌ചയാണെന്നും മറഡോണയുടെ മരണത്തിന് പിന്നാലെ അദേഹത്തിന്‍റെ അഭിഭാഷകന്‍ മത്യാസ് മോറിയ ട്വീറ്റ് ചെയ്‌തിരുന്നു. 

Diego Maradona death seven people treated him charged with involuntary manslaughter report

ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25നാണ് 60 വയസുകാരനായ മറഡോണ അന്തരിച്ചത്. ഇതിന് രണ്ടാഴ്ച്ച മുമ്പ് അദേഹം തലച്ചോറിലെ ശസ്‌ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഇതിഹാസ താരം സുഖംപ്രാപിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫുട്‌ബോള്‍ ലോകത്തെ കണ്ണീരിലാഴ്‌ത്തി മരണ വാര്‍ത്ത പുറത്തുവന്നത്. ചികില്‍സാപ്പിഴവുണ്ടായെന്ന് മറഡോണയുടെ മക്കള്‍ പിന്നാലെ ആരോപിക്കുകയുണ്ടായി. 

എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച ഡോക്‌ടര്‍ ലിയോപോള്‍ഡ്, മറഡോണയ്‌ക്ക് തന്നാല്‍ കഴിയുന്ന എല്ലാ സഹായവും നല്‍കാന്‍ ശ്രമിച്ചതായി അന്ന് പ്രതികരിച്ചിരുന്നു. മറഡോണയുടെ മരണം ഡോക്‌ടര്‍മാരുടെ അനാസ്ഥ മൂലമാണെന്ന മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് ലിയോപോള്‍ഡിന്‍റെ അഭിഭാഷകന്‍ തള്ളിക്കളയുകയും ചെയ്തു. റിപ്പോര്‍ട്ടിലെ ഉള്ളടക്കങ്ങള്‍ പക്ഷപാതപരവും ശാസ്‌ത്രീയ അടിത്തറയില്ലാത്തതുമാണ് എന്നാണ് അഭിഭാഷകന്‍റെ വാദം. 

ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios