ബ്യൂനസ് ഐറിസ്: ഡിയേഗോ മറഡോണയുടെ സ്വത്തിന്റെ പേരിൽ നിയമയുദ്ധം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. വില്‍പ്പത്രം ഒന്നും എഴുതിവയ്ക്കാതെയാണ് 364 കോടി രൂപയോളം വിലവരുന്ന സ്വത്തുക്കള്‍ ബാക്കിവച്ച് മറഡോണ അന്തരിച്ചത്. ഇതിനാല്‍  മക്കൾ തമ്മിൽ നിയമപ്പോരാട്ടം തുടങ്ങിയെന്നാണ് ലാറ്റിനമേരിക്കൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഭൂമി, കെട്ടിടങ്ങൾ, ആഭരണങ്ങൾ, ആഡംബര കാറുകൾ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് മറഡോണയുടെ സ്വത്തുക്കള്‍. അർജന്റീന, സ്പെയിൻ, ഇറ്റലി, യുഎഇ, ബെലാറൂസ്, മെക്സിക്കോ എന്നിവിടങ്ങളിലെല്ലാമായി ഇത് കിടക്കുന്നത്. കഴിഞ്ഞ ദിവസം മറഡോണയുടെ സ്വത്തിന് അവകാശികള്‍ എന്ന് കരുതുന്ന ഔദ്യോഗികമായി അംഗീകരിച്ച മക്കളില്‍ അഞ്ചുപേര്‍ ബ്യൂനസ് ഐറിസില്‍ ഒരു കൂടികാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നാലുപേര്‍ അര്‍ജന്‍റീനക്കാര്‍ തന്നെയാണ്.  സ്വത്തുക്കള്‍ ഭാഗം വയ്ക്കുന്നത് തന്നെയായിരുന്നു ഇവരുടെ യോഗത്തിന്‍റെ പ്രധാന വിഷയം. എന്നാല്‍ ഇതില്‍ ഒരു ഒത്തുതീര്‍പ്പില്‍ എത്താന്‍ ഇവര്‍ക്ക് സാധിച്ചില്ല. 

മറഡോണയുടെ ചില സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സിയും, കുടുംബ വക്കീലും ഈ യോഗത്തില്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രധാനമായും സ്വത്ത് ഭാഗം വയ്ക്കുന്നതില്‍ പങ്ക് സംബന്ധിച്ചാണ് മക്കള്‍ക്കിടയില്‍ തര്‍ക്കം. ചില മക്കള്‍ കോടതിയില്‍ അവകാശം നേടിയെടുക്കും എന്നാണ് അറിയിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ഇവര്‍ക്ക് പുറമേ സ്വത്തിന് അവകാശം ഉന്നയിച്ച് കൂടുതല്‍പ്പേര്‍ എത്താനുള്ള സാധ്യതയും മാധ്യമ റിപ്പോര്‍ട്ടുകളിലുണ്ട്. 

ഇപ്പോഴത്തെ  മക്കള്‍ക്ക് പുറമേ അനൗദ്യോഗികമായി 4 മക്കള്‍ കൂടി മറഡോണയ്ക്ക് ഉണ്ടെന്നാണ് മാധ്യമ വാര്‍ത്തകള്‍ ഇതില്‍ മൂന്ന് കേസുകള്‍ എങ്കിലും കോടതികളില്‍ നടക്കുന്നു. ഇതിന് പുറമേ മറഡോണയുടെ അഞ്ച് സഹോദരിമാരില്‍ നാലുപേരുടെ കുടുംബം സ്വത്തില്‍ അവകാശവാദവുമായി രംഗത്തുണ്ട്. അതായത് മറഡോണയുടെ സ്വത്തുക്കള്‍ക്ക് 16 അവകാശികള്‍വരെ ഉണ്ടാകാം.

ബ്യൂനസ് ഐറിസിലെ മറഡോണ കുടുംബവുമായി അടുത്ത ഒരു വ്യക്തി ദ സണ്ണിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്, "ഇത് വെറും സ്വത്തിന് വേണ്ടിയുള്ള തര്‍ക്കമല്ല ഇതൊരു ലോകകപ്പ് തന്നെ ആയേക്കും". അർജന്റീനയിലെ നിയമപ്രകാരം മരിച്ചയാളുടെ സ്വത്തിന്റെ മൂന്നിൽരണ്ട് ഭാഗത്തിൽ ഭാര്യയ്ക്കും മക്കൾക്കും അവകാശമുണ്ട്. മറഡോണയുടെ മക്കളിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടവരില്‍ 4 പേരാണ് അർജന്റീനയിലുള്ളത്. 3 പേർ ക്യൂബയിലും ഒരാൾ ഇറ്റലിയിലുമാണ്.

അതേ സമയം നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും നിലവില്‍ ഉള്ളതിനാല്‍ അവസാനം മറഡോണയുടെ സ്വത്തിന്‍റെ മൂല്യം എത്രവരും എന്ന് പറയാന്‍ സാധിക്കില്ല. തന്റെ സമ്പാദ്യം തട്ടിയെടുത്തെന്നാരോപിച്ച് മുൻ ഭാര്യ ക്ലോഡിയയ്ക്കെതിരെയും മറഡോണ ഇടക്കാലത്ത് അദ്ദേഹം കേസ് കൊടുത്തിരുന്നു. ക്ലോഡിയയുടെ പെൺമക്കളായ ഡ‍ൽമ, ജിയാനിന എന്നിവരാണ് അവസാനകാലത്തു മറഡോണയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. ആശുപത്രിവാസത്തിനുശേഷം മറഡോണ താമസിച്ചതും പെൺമക്കളുടെ വീടിനു സമീപത്തായിരുന്നു.