മുന്‍ താരവും സെലക്റ്ററുമായിരുന്ന ദിലീപ് വെങ്‌സര്‍ക്കര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. വേണ്ട രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്തിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

മുംബൈ: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതിന് പിന്നില്‍ വിവിധ കാരണങ്ങളാണ് വിമര്‍ശകര്‍ പറയുന്നത്. ടീം സെലക്ഷന്‍ പാളിയെന്ന് പറയുന്നവരുണ്ട്. ബാറ്റ്‌സ്മാന്മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്നും മറ്റുചിലര്‍. ഇപ്പോള്‍ മുന്‍ താരവും സെലക്റ്ററുമായിരുന്ന ദിലീപ് വെങ്‌സര്‍ക്കര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. വേണ്ട രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്തിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഇതുപോലൊരു മത്സരത്തിന് മുമ്പ് ടീം ജാഗ്രത കാണിക്കണമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സതാംപ്റ്റണില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ബാറ്റ്‌സ്മാന്മാര്‍ ശ്രമിക്കണമായിരുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മത്സരശേം വ്യക്തമാക്കിയിരുന്നു. ഇതിന്റെ മറുപടിയെന്നോണമാണ് വെങ്‌സര്‍ക്കാര്‍ സംസാരിച്ചത്. ''ബാറ്റ്‌സ്മാന്മാര്‍ റണ്‍സ് നേടണമായിരുന്നുവെന്നാണ് കോലി പറഞ്ഞത്. എന്നാല്‍ എന്തുകൊണ്ട് ഇത്രയും വലിയൊരു മത്സരത്തിന് മമ്പ് ഒരു തയ്യാറെടുപ്പ് മത്സരം പോലും നടത്തിയില്ലെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. 

ചുരുങ്ങിയത് രണ്ട് ചതുര്‍ദിന മത്സരങ്ങളെങ്കിലും അവര്‍ കളിക്കേണ്ടതായിരുന്നു. എന്തുകൊണ്ട് മത്സരത്തിന് മുമ്പ് കൃത്യമായി ഒരുങ്ങിയില്ല? ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അത്തരം പരിശീലന മത്സരങ്ങളില്‍ നിന്നാണ് ലൈനും ലെങ്തും മനസിലാക്കുക. താരങ്ങളുടെ കായികക്ഷമത അളക്കുന്നതും ഇത്തരം മത്സരങ്ങളില്‍ നിന്നാണ്. 

ഏറ്റവും മികച്ച ഇലവനാണ് ഗ്രൗണ്ടിലിറങ്ങിയതെന്നാണ് കോലി അവകാശപ്പെടുന്നത്. എന്നാല്‍ ആദ്യ ദിവസം മഴയില്‍ ഒലിച്ചുപോയ സാഹചര്യത്തില്‍ ഒരു സ്പിന്നറെ പിന്‍വലിച്ച് മുഹമ്മദ് സിറാജിനെ ഉള്‍പെടുത്താന്‍ ഇന്ത്യ ശ്രമിച്ചില്ല.?'' വെങ്‌സര്‍ക്കാര്‍ ചോദിച്ചു. സതാംപ്റ്റണില്‍ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.