കൊല്‍ക്കത്ത: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുട്‌ബോള്‍ ടീമിന്റെ ഇന്ത്യ സന്ദര്‍ശനം അനിശ്ചിതത്വത്തില്‍. ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, ജൂലൈയില്‍ കൊല്‍ക്കത്തയില്‍ പ്രദര്‍ശനമത്സരം കളിക്കാനായിരുന്നു പദ്ധതി. എന്നാല്‍ കൊവിഡ് വൈവറസ് വ്യാപനം കാരണം പ്രീമിയര്‍ ലീഗ് മത്സരങ്ങളെല്ലാം നിര്‍ത്തിവച്ചതോടെ ഇന്ത്യ സന്ദര്‍ശനം മാറ്റിയേക്കുമെന്ന് യുണൈറ്റഡ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രീ സീസണ്‍ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തി ആരാധകപിന്തുണ വര്‍ധിപ്പിക്കുക ആയിരുന്നു യുണൈറ്റഡിന്റെ ലക്ഷ്യം. പുതിയ പശ്ചാത്തലത്തില്‍ പ്രീ സീസണ്‍ മത്സരങ്ങളൊന്നടങ്കം റദ്ദാക്കിയേക്കും. ജൂലൈ 26ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടത്താന്‍ പദ്ധതിയിട്ടിരുന്നത്.

പോള്‍ പോഗ്ബയടക്കമുള്ള സൂപ്പര്‍താരങ്ങളുടെ മത്സരം നേരില്‍ കാണാനുള്ള സുവര്‍ണാവസരമായിരുന്നു ഇന്ത്യന്‍ ആരാധകര്‍ക്ക. ഈസ്റ്റ് ബംഗാളിന്റെ നൂറാം വര്‍ഷികാഘോഷ ചടങ്ങില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. സ്റ്റേഡിയത്തിന്റെ നിലവാരത്തില്‍ ടെക്‌നിക്കല്‍ കമ്മിറ്റി തൃപ്തി അറിയിച്ചിരുന്നു.