ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഏർലിങ് ഹാളണ്ടിന്‍റെ ഇരട്ട ഗോളുകളുടെ മികവിൽ നോർവേ ഇറാഖിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.
ബോസ്റ്റൺ: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഏഷ്യൻ കരുത്തരായ ഇറാഖിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് നോർവേ. ലോകകപ്പിലെ തന്‍റെ ആദ്യ മത്സരം അവിസ്മരണീയമാക്കിയ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ ഏർലിങ് ഹാളണ്ട് നോർവേയ്ക്കായി ഇരട്ട ഗോളുകൾ നേടി. ലിയോ ഓസ്റ്റിഗാർഡ് ഒരു ഗോൾ നേടിയപ്പോൾ, അവസാന നിമിഷത്തിൽ പിറന്ന ഒരു സെല്‍ഫ് ഗോളാണ് നോർവേയുടെ ഗോൾപട്ടിക തികച്ചത്. ഇറാഖിന്‍റെ ആശ്വാസ ഗോൾ അയ്മൻ ഹുസൈന്‍റെ ബൂട്ടില്‍ നിന്നായിരുന്നു. ജയത്തോടെ നോർവേ ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലും കുറിക്കപ്പെട്ടു. ലോകകപ്പിലോ യൂറോ കപ്പിലോ നോർവേ ഒരു മത്സരത്തിൽ നാല് ഗോളുകൾ നേടുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്.
മത്സരത്തിന്‍റെ തുടക്കം മുതൽ നോർവേ ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. കളിയിലെ 29-ാം മിനിറ്റിൽ ബോക്സിലേക്ക് വന്ന കൃത്യതയാർന്ന ഒരു ലോ ക്രോസ് ലക്ഷ്യത്തിലെത്തിച്ച് ഹാളണ്ട് നോർവേയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചു. എന്നാൽ വിട്ടുകൊടുക്കാൻ ഇറാഖ് തയ്യാറായിരുന്നില്ല. ആദ്യ പകുതിയിൽ തന്നെ ഇറാഖിന്‍റെ സൂപ്പർ സ്‌ട്രൈക്കർ അയ്മൻ ഹുസൈൻ ഒരു ഉജ്ജ്വല ഹെഡ്ഡറിലൂടെ ഗോൾ മടക്കി കളി സമനിലയിലാക്കി (1-1).
രണ്ടാം പകുതിയിൽ നോർവേ കളി കൂടുതൽ കടുപ്പിച്ചു. 51-ാം മിനിറ്റിൽ ഇറാഖ് ഗോൾകീപ്പർ ജലാൽ ഹസ്സന്‍റെ ഒരു ക്ലിയറൻസ് പിഴവ് ഹാളണ്ട് മുതലെടുത്തു. ഗോൾകീപ്പർ അടിച്ച പന്ത് ഓടിയടുത്ത ഹാളണ്ടിന്‍റെ ശരീരത്തിൽ തട്ടി ഇറാഖ് വലയിലേക്ക് തന്നെ കയറി (2-1).
സെറ്റ് പീസുകളിൽ വീണ് ഇറാഖ്; ക്യാപ്റ്റനായി ഹാളണ്ട്
മത്സരത്തിന്‍റെ 77-ാം മിനിറ്റിൽ നോർവേ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് എടുത്ത മനോഹരമായ കോർണർ കിക്ക് ഉയർന്നു ചാടി ഹെഡ്ഡ് ചെയ്ത് ലിയോ ഓസ്റ്റിഗാർഡ് നോർവേയുടെ ലീഡ് 3-1 ആക്കി ഉയർത്തി. ഇറാഖ് പ്രതിരോധ നിര വരുത്തിയ മാർക്കിങ് പിഴവാണ് ഗോളായി മാറിയത്. ഇതിന് പിന്നാലെ ഒഡെഗാർഡിനെ പിൻവലിച്ചപ്പോൾ ക്യാപ്റ്റന്‍റെ ആംബാൻഡ് ഹാളണ്ടിന് കൈമാറി.
കളിയുടെ ഇഞ്ചുറി ടൈമിൽ (90+7') ഹാളണ്ടിന്‍റെ ഒരു ഹെഡ്ഡർ ഇറാഖ് ബോക്സിൽ വൻ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇറാഖ് പ്രതിരോധ താരം ഹാഷിമും ഗോൾകീപ്പറും പന്ത് തടയാൻ ശ്രമിക്കുന്നതിനിടെ, ആദ്യ പകുതിയിൽ ഇറാഖിനായി ഗോൾ നേടിയ അയ്മൻ ഹുസൈന്‍റെ ശരീരത്തിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു (ഓൺ ഗോൾ). ഇതോടെ നോർവേ 4-1 ന്‍റെആധികാരിക ജയം ഉറപ്പിച്ചു.
പോരാട്ടവീര്യവുമായി ഇറാഖ്
മത്സരത്തിൽ തോറ്റെങ്കിലും മികച്ച രീതിയിൽ പൊരുതിയ ഇറാഖ് ടീമിനെ അഭിനന്ദിച്ച് പരിശീലകൻ ഗ്രഹാം ആർനോൾഡ് രംഗത്തെത്തി. ചില വ്യക്തിഗത പിഴവുകളാണ് ഞങ്ങൾക്ക് തിരിച്ചടിയായത്. എങ്കിലും ലോകകപ്പ് പോലൊരു വലിയ വേദിയിൽ ഇത്രയധികം ആരാധകർക്ക് മുന്നിൽ കളിക്കാൻ കഴിഞ്ഞത് പ്രത്യേക നിമിഷമാണ്. ഞങ്ങൾക്ക് ഇനി രണ്ട് മത്സരങ്ങൾ കൂടിയുണ്ട്, അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ബാക്കി മത്സരങ്ങളിൽ നിന്ന് പരമാവധി പോയിന്‍റ് നേടുക എന്നതിലാണ് ഇനി തങ്ങളുടെ ശ്രദ്ധയെന്ന് ഇറാഖ് പരിശീലകന്‍ പറഞ്ഞു.
