ചാംഗ്‌തെയും മനുവീർ സിംഗും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ബോക്സിലേക്ക് വന്ന ക്രോസിനെ ആദ്യ ടച്ചില്‍ തന്നെ റയാൻ വില്യംസ് വലയിലെത്തിക്കുകയായിരുന്നു.

കൊച്ചി: ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ അവസാന മത്സരത്തിൽ ഹോങ്കോങ്ങിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) വീഴ്ത്തി ഇന്ത്യ. അരങ്ങേറ്റ താരം റയാൻ വില്യംസ്, പ്രതിരോധ താരം ആകാശ് മിശ്ര എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. ഖാലിദ് ജമീൽ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഹോം ഗ്രൗണ്ട് വിജയമാണിത്.

മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ഹോങ്കോങ് വല കുലുക്കി ഇന്ത്യ ഗാലറിയെ ആവേശത്തിലാഴ്ത്തി. ചാംഗ്‌തെയും മനുവീർ സിംഗും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ബോക്സിലേക്ക് വന്ന ക്രോസിനെ ആദ്യ ടച്ചില്‍ തന്നെ റയാൻ വില്യംസ് വലയിലെത്തിക്കുകയായിരുന്നു. തന്‍റെ ആദ്യ രാജ്യാന്തര മത്സരത്തിലെ ആദ്യ ഷോട്ടിൽ തന്നെ ഗോൾ കണ്ടെത്താൻ വില്യംസിന് കഴിഞ്ഞു.

Scroll to load tweet…

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ ലീഡ് രണ്ടിരട്ടിയാക്കി. രാഹുൽ ഭേക്കെയുടെ ലോങ്ങ് ത്രോയിൽ നിന്നായിരുന്നു ഗോളിന്‍റെ പിറവി. പ്രതിരോധ താരങ്ങൾക്കിടയിലൂടെ പന്ത് പിടിച്ചെടുത്ത ആകാശ് മിശ്ര ഒരു ടൈറ്റ് ആംഗിളിൽ നിന്ന് തൊടുത്ത ഷോട്ട് പോസ്റ്റിന്‍റെ മുകൾഭാഗത്തായി തുളഞ്ഞുകയറി. ആകാശ് മിശ്രയുടെ ആദ്യ രാജ്യാന്തര ഗോൾ കൂടിയായിരുന്നു ഇത്.

രണ്ട് ഗോളിന് പിന്നിലായതോടെ ഹോങ്കോങ് ആക്രമണം ശക്തമാക്കി. 65-ാം മിനിറ്റിൽ എവർട്ടൺ കാമർഗോയിലൂടെ അവർ ഒരു ഗോൾ തിരിച്ചടിച്ചു. സന്ദർശകർ സമനിലയ്ക്കായി കടുത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്‍റെ നിർണ്ണായകമായ രണ്ട് സേവുകൾ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

Scroll to load tweet…

പ്രതിരോധ താരം അൻവർ അലിയെ ഡിഫൻസീവ് മിഡ്‌ഫീൽഡറായി പരീക്ഷിച്ച ഖാലിദ് ജമീലിന്‍റെ തന്ത്രം മത്സരത്തിൽ നിർണായകമായി. കഴിഞ്ഞ വർഷം ഹോങ്കോങ്ങിനോടേറ്റ തോൽവിക്ക് സ്വന്തം മണ്ണിൽ പകരം വീട്ടാനും ഈ വിജയത്തിലൂടെ ഇന്ത്യക്ക് കഴിഞ്ഞു. ഏഷ്യൻ കപ്പിന് യോഗ്യത നേടാനായില്ലെങ്കിലും മികച്ചൊരു പ്രകടനത്തോടെ സീസൺ അവസാനിപ്പിക്കാൻ കഴിഞ്ഞത് ആരാധകർക്ക് ആശ്വാസമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക