കൊല്‍ക്കത്ത: രാജ്യത്തെ പ്രമുഖ ഫുട്ബോള്‍ ടൂര്‍ണമെന്‍റായ ഡ്യൂറന്‍ഡ് കപ്പിനൊരുങ്ങുകയാണ് ഗോകുലം കേരള എഫ്സി. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഡ്യൂറന്‍റ് കപ്പില്‍ ഒരു കേരള ടീം ഇറങ്ങുമ്പോള്‍ കിരീടപ്രതീക്ഷയിലാണ് ഫുട്ബോള്‍ ആരാധകര്‍. 'ഏത് ടൂര്‍ണമെന്‍റായാലും കിരീടമാണ് ലക്ഷ്യം. കപ്പ് നേടുമെന്നാണ് പ്രതീക്ഷ' എന്നും ഗോകുലം കേരള സി.ഇ.ഒ. ബി.അശോക് കുമാര്‍ പറഞ്ഞു. 

കിരീടം ബംഗാള്‍ ക്ലബുകളുടെ കുത്തകയായ ഡ്യൂറന്‍റ് കപ്പ് എത്തിപ്പിടിക്കാന്‍ മുമ്പൊരു കേരള ക്ലബിന് കഴിഞ്ഞത് ഒരു തവണ മാത്രം. രണ്ട് പതിറ്റാണ്ട് മുന്‍പ് 1997 ല്‍ എഫ്സി കൊച്ചിനായിരുന്നു ആ സൗഭാഗ്യം. ആ ചരിത്രത്തിലേക്ക് പേരു ചേര്‍ക്കുമോ ഗോകുലം കേരള എന്നാണ് ഫുട്ബോള്‍ ആരാധകരുടെ മനസിലുയരുന്ന ചോദ്യം. സ്‌പാനിഷ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റിയാഗോ വരേലയുടെ കരുത്ത് ഉഗാണ്ട, ട്രിനിഡാഡ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശതാരങ്ങളാണ്.

ഇവര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളും ചേരുമ്പോള്‍ ഗോകുലം കിരീടത്തില്‍ കുറഞ്ഞൊരു പ്രതീക്ഷയും പങ്കുവെക്കുന്നില്ല. കഴിഞ്ഞ രണ്ട് സീസണില്‍ തന്നെ ഗോകുലം കേരള ഐ ലീഗ് വമ്പന്‍മാരെ പലതവണ വിറപ്പിച്ചതാണ്. ഐലീഗിലെ പരിചയം, കേരപ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായതിന്‍റെ ആത്മവിശ്വാസം, എല്ലാം ടീമിന് അനുകൂലം. കൊല്‍ക്കത്തയില്‍ എട്ടാം തിയതി ചെന്നൈയിന്‍ എഫ്സിയുമായാണ് ഗോകുലത്തിന്‍റെ ആദ്യ മത്സരം. 

ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ലോകത്തിലെ പഴക്കമേറിയ മൂന്നാമത്തേയും ടൂർണമെന്‍റാണ് 1888ൽ തുടങ്ങിയ ഡ്യൂറൻഡ് കപ്പ്. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും 16 തവണ വീതം കിരീടം നേടിയിട്ടുണ്ട്. അഞ്ച് ഐഎസ്എൽ ടീമുകളും ആറ് ഐ ലീഗ് ടീമുകളും ഉൾപ്പടെ 16 ടീമുകളാണ് ഇത്തവണ ഡ്യൂറൻഡ് കപ്പിൽ മത്സരിക്കുന്നത്.