കൊല്‍ക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ ഫൈനൽ പ്രതീക്ഷയുമായി ഗോകുലം കേരള ഇന്നിറങ്ങും. ഗോകുലം സെമിഫൈനലിൽ ഈസ്റ്റ് ബംഗാളിനെ നേരിടും. വൈകിട്ട് മൂന്ന് മുതൽ കൊൽക്കത്ത സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. 

ഗ്രൂപ്പ് ഘട്ടത്തിൽ പതിനൊന്ന് ഗോൾ നേടിയ ഗോകുലം ഒറ്റഗോൾ മാത്രമാണ് വഴങ്ങിയത്. രണ്ട് ഹാട്രിക് ഉൾപ്പടെ എട്ട് ഗോൾ നേടിയ ഗോകുലം ക്യാപ്റ്റൻ മാർക്കസ് ജോസഫാണ് ടൂർണമെന്‍റിലെ ടോപ് സ്കോറർ. ഗോകുലത്തെപ്പോലെ തോൽവി അറിയാതെയാണ് ഈസ്റ്റ് ബംഗാളും സെമിയിലെത്തിയിരിക്കുന്നത്. പത്ത് ഗോൾ നേടിയ ഈസ്റ്റ് ബംഗാളും ഒരുഗോളാണ് വഴങ്ങിയത്. 

മോഹൻ ബഗാൻ വൈകിട്ട് അ‍ഞ്ചരയ്ക്ക് തുടങ്ങുന്ന രണ്ടാം സെമിയിൽ റിയൽ കശ്‌മീരിനെ നേരിടും. എഫ് സി കൊച്ചിന് ശേഷം ഡ്യൂറൻഡ് കപ്പ് നേടുന്ന ആദ്യ കേരള ടീമാവുകയാണ് ഗോകുലത്തിന്‍റെ ലക്ഷ്യം. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ലോകത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തേയും ടൂർണമെന്‍റാണ് ഡ്യൂറൻഡ് കപ്പ്.