ആംസ്റ്റര്‍ഡാം: ലിയോണല്‍ മെസിയോ അതോ ക്രിസ്റ്റിയാനോ റൊണാള്‍ഡൊയോ..? ആരാണ് മികച്ചവനെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ചോദ്യം ചോദിക്കുമ്പോഴൊക്കെ രണ്ട് ഉത്തരങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍ നെതര്‍ലന്‍ഡ്‌സിന്റെ ഇതിഹാസതാരം മാര്‍ക്കോ വാന്‍ ബാസ്റ്റണ് ഒരുത്തരമെ ഉള്ളൂ. അത് ലിയോണല്‍ മെസി എന്നാണ്. 

അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ.. ''മെസിയേക്കാള്‍ മികച്ചവനാണ് ക്രിസ്റ്റിയാനോ എന്ന് പറയുന്നവര്‍ക്ക് ഫുട്‌ബോളിനെ കുറിച്ച് ഒന്നും അറിയില്ല. ക്രിസ്റ്റിയാനോ മികച്ച താരമാണെന്നതില്‍ സംശയമില്ല. എന്നാല്‍ മെസി സമാനതകളില്ലാത്ത താരമാണ്. അദ്ദേഹത്തെ അനുകരിക്കാന്‍ കഴിയില്ല. മെസിയെ പോലുള്ളവര്‍ അമ്പതോ നൂറോ വര്‍ഷം കൂടുമ്പോഴെ പിറവിയെടുക്കൂ.

റൊണാള്‍ഡോ മെസിയേക്കാള്‍ മികച്ചവനാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് ഫുട്‌ബോളിനെ കുറിച്ച് അറിയില്ല. ഏത് അര്‍ത്ഥത്തിലാണ് ഇങ്ങനെയൊരു സംസാരമെന്ന് മനസിലാകുന്നില്ല.''വാന്‍ ബാസ്റ്റണ്‍ പറഞ്ഞു.  

ആറ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളാണ് മെസിക്കുള്ളത്. ക്രിസ്റ്റ്യാനോയുടെ അക്കൗണ്ടില്‍ അഞ്ചെണ്ണമാണുള്ളത്. ഇരുവരും അവരവരുടെ ക്ലബുകള്‍ക്കായി മികച്ച പ്രകടനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.