Asianet News MalayalamAsianet News Malayalam

'പ്രായത്തില്‍ കവിഞ്ഞ പ്രതിഭ': വൈറല്‍ കോര്‍ണര്‍ കിക്കിനുടമയായ 10 വയസുകാരനെ അഭിനന്ദിച്ച് മന്ത്രി ഇ പി ജയരാജന്‍

ഡാനിഷുമായി ഫോണില്‍ സംസാരിച്ചതായും എല്ലാ പിന്തുണയും നല്‍കുന്നതായും മന്ത്രി

E P Jayarajan Praises 10 year old viral corner kick player danish
Author
Kozhikode, First Published Feb 12, 2020, 6:54 PM IST

കോഴിക്കോട്: കോര്‍ണര്‍ കിക്ക് ഗോളടിച്ച 10 വയസുകാരന്‍ ഡാനിഷ് ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ താരം. മാനന്തവാടിയില്‍ നടന്ന ഒരു ടൂര്‍ണമെന്‍റില്‍ കോര്‍ണര്‍ കിക്ക് നേരിട്ട് വലയിലേക്ക് ചരിച്ചിറക്കുകയായിരുന്നു ഡാനിഷ്. ഫുട്ബോള്‍ ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിച്ചിട്ടുള്ള കോര്‍ണര്‍ കിക്ക് ഗോളിന് ഉടമയായ കുഞ്ഞു താരത്തെ പ്രശംസ കൊണ്ടുമൂടുകയാണ് കാല്‍പ്പന്തുപ്രേമികള്‍. ഡാനിഷിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന കായികമന്ത്രി ഇ പി ജയരാജനും.

"

പ്രായത്തില്‍ കവിഞ്ഞ പ്രതിഭയും കളിമിടുക്കും നിറഞ്ഞ ഒരു ഗോളായിരുന്നു അത് എന്നായിരുന്നു ഇ പി ജയരാജന്‍ വിശേഷിപ്പിച്ചത്. ഡാനിഷുമായി ഫോണില്‍ സംസാരിച്ചതായും എല്ലാ പിന്തുണയും നല്‍കുന്നതായും മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ കളിമികവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ കായിക വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത് എന്നും അദേഹം കുറിച്ചു.

മന്ത്രി ഇ പി ജയരാജന്‍റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ...

"സീറോ ആംഗിള്‍ ഗോള്‍ നേടിയ ഡാനിഷ് എന്ന പത്തു വയസ്സുകാരന്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ഗോളിന്റെ വീഡിയോ കണ്ടു കഴിഞ്ഞപ്പോള്‍ ആ കുട്ടിയെ വിളിച്ച് അഭിനന്ദനം അറിയിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഡാനിഷുമായി ഫോണില്‍ സംസാരിച്ചു. എല്ലാ പിന്തുണയും ഉറപ്പുനല്‍കി. ഫുട്ബോളില്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെയെന്ന് ഹൃദയംനിറഞ്ഞ ആശംസകളും അറിയിച്ചു. പ്രായത്തില്‍ കവിഞ്ഞ പ്രതിഭയും കളിമിടുക്കും നിറഞ്ഞ ഒരു ഗോളായിരുന്നു അത്. കോര്‍ണര്‍ കിക്ക് നേരിട്ട് വലയിലാക്കുക എന്നത് മുതിര്‍ന്ന മികച്ച താരങ്ങള്‍ക്കുപോലും പ്രയാസമാണ്. എന്നാല്‍, തികച്ചും അനായാസം എന്നു തോന്നിക്കും വിധമായിരുന്നു ഡാനിയുടെ ഷോട്ട്. ഫുട്ബോള്‍ പ്രമേയമായ ഒരു ചലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ഈ ഷോട്ട് പരിശീലിച്ചതായാണ് ഡാനി പറഞ്ഞത്. ഇത്ര ചെറിയ പ്രായത്തില്‍ കളിയോട് തികഞ്ഞ ആത്മാര്‍ത്ഥത കാണിക്കുന്ന ഡാനിഷിന്റെ സമീപനം എല്ലാ കായികതാരങ്ങള്‍ക്കും മാതൃകയാണ്. മകന്റെ പ്രതിഭ തിരിച്ചറിഞ്ഞ് കളിക്കളത്തിലേക്ക് തിരിച്ചുവിട്ട ഡാനിഷിന്റെ മാതാപിതാക്കളായ അബു ഹാഷിമും നോവിയയും അഭിനന്ദനം അര്‍ഹിക്കുന്നു. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ കളിമികവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ കായിക വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. സ്‌കൂളുകളില്‍ ആരംഭിച്ച കിക്കോഫ് എന്ന ഫുട്ബോള്‍ പരിശീലന പദ്ധതി വിജയകരമായി പുരോഗമിക്കുന്നു. ബാസ്‌ക്കറ്റ്ബോളില്‍ ഹൂപ്സ്, നീന്തലില്‍ സ്പ്ലാഷ് എന്നീ പരിശീലനപദ്ധതികളും സ്‌കൂള്‍തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ജി വി രാജ, കണ്ണൂര്‍ സ്പോട്സ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ ഇതുവരെ എട്ടാം ക്ലാസ് മുതലായിരുന്നു പ്രവേശനം. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ 6, 7 ക്ലാസ് മുതല്‍ പ്രവേശനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കളിയില്‍ മികവ് കാണിക്കുന്ന കുട്ടികള്‍ക്ക് കായിക വകുപ്പ് എല്ലാ പ്രോത്സാഹനവും നല്‍കും. കൂടുതല്‍ കുട്ടികളെ കളിക്കളത്തിലേക്ക് എത്തിക്കുകയെന്ന നയം ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്".

വയനാട് മാനന്തവാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് വിസ്‌മയ ഗോള്‍ കൊണ്ട് ഡാനിഷ് ഫുട്ബോള്‍ ലോകത്ത് താരമായത്. ആനപ്പറമ്പില്‍ വേള്‍ഡ് കപ്പ് എന്ന ചിത്രത്തിനായി പരിശീലിച്ച കോര്‍ണര്‍ കിക്കാണ് ഡാനിഷ് മത്സരത്തില്‍ പയറ്റിയത്. ഡാനിഷിനെ അഭിനന്ദിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios