ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഈജിപ്ത് നോക്കൗട്ട് ഘട്ടം കടന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഓസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയതിന് ശേഷം, പരിശീലകന്‍ ഹൊസാം ഹസ്സന്‍ ഈ ചരിത്ര വിജയം പലസ്തീനിലെ ജനതയ്ക്ക് സമര്‍പ്പിച്ചു.
ഡല്ലാസ്: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി നോക്കൗട്ട് ഘട്ടം കടന്നതിന്റെ ആവേശത്തിലാണ് ഈജിപ്ത്. ഡല്ലാസില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഈജിപ്ത് ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്. മത്സരശേഷം പരിശീലകന്‍ ഹൊസാം ഹസ്സന്‍ പലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിച്ച് നടത്തിയ ആഘോഷം ലോക ശ്രദ്ധ പിടിച്ചുപറ്റി. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
13-ാം മിനിറ്റില്‍ കരീം ഹഫേസിന്റെ ക്രോസില്‍ നിന്ന് എമം അഷൂര്‍ നേടിയ ഹെഡര്‍ ഗോളിലൂടെ ഈജിപ്ത് മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഈജിപ്ത് പ്രതിരോധതാരം മുഹമ്മദ് ഹാനി വരുത്തിയ പിഴവിലൂടെ ഓസ്ട്രേലിയ സമനില പിടിച്ചു. തുടര്‍ന്ന് നടന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ഷൂട്ടൗട്ടിലൂടെ ഈജിപ്ത് വിജയം സ്വന്തമാക്കിയത്.
ഹസ്സന്റെ വൈകാരിക
വിജയത്തിന് തൊട്ടുപിന്നാലെ പലസ്തീന്‍ പതാകയുമായി മൈതാനത്തിറങ്ങിയ പരിശീലകന്‍ ഹൊസാം ഹസ്സന്‍, ഈ ചരിത്രവിജയം പലസ്തീന്‍ ജനതയ്ക്കായി സമര്‍പ്പിച്ചു. 'എന്റെ ഹൃദയവും ആത്മാവും അവര്‍ക്കൊപ്പമാണ്. അവരുടെ രക്തസാക്ഷികള്‍ക്ക് ദൈവം കരുണ ചൊരിയട്ടെ,' എന്ന് ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈജിപ്തിലെ ജനങ്ങള്‍ക്കൊപ്പം തന്നെ പലസ്തീനിലെ നല്ലവരായ ജനതയ്ക്കും ഈ വിജയം സമര്‍പ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ ഇതുവരെ ജയിക്കാന്‍ കഴിയാതിരുന്ന ഈജിപ്ത്, ഇത്തവണത്തെ ടൂര്‍ണമെന്റില്‍ വമ്പന്‍ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. അറ്റ്‌ലാന്റയില്‍ വെച്ച് നടക്കുന്ന അടുത്ത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെയാണ് ഈജിപ്ത് നേരിടുക.

