Asianet News MalayalamAsianet News Malayalam

യൂറോ കപ്പ്: വെംബ്ലിയില്‍ ജര്‍മനിയെ കത്തിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍, ജോക്വിം ലോ യുഗത്തിന് വിരാമം

ഹാരി കെയ്ന്‍ കൂടി ഗോള്‍ നേടിയതോടെ ജര്‍മനി വെംബ്ലി സ്‌റ്റേഡിയത്തില്‍ കത്തിയെരിഞ്ഞു. ആധികാരിക ജയത്തോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക്. ഇതോടെ മരണഗ്രൂപ്പ് കടന്നെത്തിയ മൂന്ന് ടീമും പ്രീ ക്വര്‍ട്ടറില്‍ പുറത്തായി.

England into the last Eight of Euro Cup
Author
London, First Published Jun 30, 2021, 12:00 AM IST

ലണ്ടന്‍: റഹീം സ്റ്റെര്‍ലിംഗ് ഗോള്‍ നേടിയ മത്സരങ്ങളിലൊന്നും ഇംഗ്ലണ്ട് ജയിച്ചിട്ടില്ല എന്നൊരു ചരിത്രമുണ്ടായിരുന്നു. എന്തായാലും യൂറോ പ്രീ ക്വാര്‍ട്ടറില്‍ ജര്‍മനിക്കെതിരായ മത്സരത്തോടെ ആ ദോഷം മാറി. ഹാരി കെയ്ന്‍ കൂടി ഗോള്‍ നേടിയതോടെ ജര്‍മനി എതിരില്ലാത്ത രണ്ട് ഗോളിന് വെംബ്ലി സ്‌റ്റേഡിയത്തില്‍ കത്തിയെരിഞ്ഞു. ആധികാരിക ജയത്തോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക്. ജര്‍മന്‍ കോച്ച് ജ്വോകിം ലോയുടെ അവസാന മത്സരം കൂടിയായിത്. ഇതോടെ മരണഗ്രൂപ്പ് കടന്നെത്തിയ മൂന്ന് ടീമും പ്രീ ക്വര്‍ട്ടറില്‍ പുറത്തായി. കഴിഞ്ഞ മത്സരങ്ങളില്‍ ഫ്രാന്‍സും പോര്‍ച്ചുഗലും പുറത്തായിരുന്നു.

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. 16-ാം മിനിറ്റില്‍ സ്റ്റര്‍ലിംഗിന്റെ ഗോള്‍ ശ്രമത്തോടെയാണ് മത്സരം ഉണര്‍ന്നത്. ബോക്‌സിന് പുറത്തുനിന്നും മാഞ്ചസ്റ്റര്‍ സിറ്റി താരം തൊടുത്തഷോട്ട് ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍ പ്രയാസപ്പെട്ട് തട്ടിതകറ്റി. 33-ാം മിനിറ്റിലായിരുന്നു ജര്‍മനി ആദ്യമായി ഇംഗ്ലീഷ് ഗോള്‍മുഖം വിറിപ്പിച്ചത്. കായ് ഹാവേര്‍ട്‌സിന്റെ ത്രൂ ബാള്‍ തിമോ വെര്‍ണര്‍ ഓടിയെടുത്ത് ഷോട്ടിന് ശ്രമിച്ചു. അപ്പോഴേക്കും ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ പിക്‌ഫോര്‍ഡ് പന്തിനടുത്തേക്ക് ഓടിയെത്തിരുന്നു. കാലില്‍ തട്ടി പുറത്തേക്ക്. ആ്ദ്യ പകുതിയില്‍ പിന്നീട് ഹാരി കെയ്‌നിന് ലഭിച്ച അവസരം മുതലാക്കാനായില്ല. 

രണ്ടാം പകുതിയില്‍ ഹാവെര്‍ട്‌സിന്റെ ഷോട്ടിലൂടെ മത്സരത്തിന് ചൂടൂപ്പിടിച്ചു. ചെല്‍സി താരത്തിന്റെ കനത്തൊരു ഷോട്ട് പിക്‌ഫോര്‍ഡ് ക്രോസ്ബാറിന് മുകളിലൂടെ തട്ടിയകറ്റി. 75-ാം മിനിറ്റിലാണ് സ്‌റ്റെര്‍ലിംഗിലൂടെ ഇംഗ്ലണ്ട് ലീഡ് നേടുന്നത്. സ്‌റ്റെലിംഗിില്‍ നിന്ന് തുടങ്ങിയ നീക്കമാണ് ഗോളില്‍ അവസാനിച്ചത്. പന്തുമായി വന്ന സ്റ്റര്‍ലിംഗ് പെനാല്‍റ്റി ബോക്‌സിന് പുറത്തുവച്ച് ഹാരി കെയ്‌ന് പാസ് നല്‍കി. കെയ്ന്‍ ഗ്രീലിഷിന്. ഇതിനിടെ ലൂക് ഷോ ഇടത് വിംഗിലൂടെട ഓവര്‍ലാപ് ചെയ്തു കയറി. പന്തു സ്വീകരിച്ച ഷോയുടെ നിലംപറ്റെയുള്ള ക്രോസ് സ്‌റ്റെര്‍ലിംഗ് ഗോളാക്കി. 

തൊട്ടുപിന്നാലെ സ്റ്റെര്‍ലിംഗിന്റെ ഒരു അബദ്ധം ഇംഗ്ലീഷ് പോസ്റ്റില്‍ ഗോളില്‍ അവസാനിക്കുമായിരുന്നു. താരത്തിന്റെ ഒരു മിസ്പാസ് മുള്ളറുടെ കാലിലേക്ക് വിശാമായി കിടന്ന ഇംഗ്ലണ്ടിന്റെ പാതിയിലൂടെ പന്തുമായി മുന്നേറി ഗോള്‍ മുഖത്തേക്ക്. കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ മുള്ളര്‍ തൊടുത്ത ഷോട്ട് ഗോള്‍കീപ്പറേയും മറികടന്ന് പുറത്തേക്ക് പോയി.  

86-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ഹാരി കെയ്‌നിലൂടെ വിജയമുറപ്പിച്ച ഗോള്‍ നേടി. ലൂക് ഷോയുടെ നീക്കമാണ് ഗോളില്‍ അവസാനിച്ചത്. മധ്യനിരയില്‍ പന്തുമായ വന്ന ഷോ ഗ്രീലിഷിന് നല്‍കി. ആസ്റ്റണ്‍ വില്ല ക്യാപ്റ്റന്റെ ക്രോസ് ഹെഡ് ചെയ്ത് ക്യാപ്റ്റന്‍ ഇംഗ്ലണ്ടിന്റെ വിജയമുറപ്പിച്ചു. ഈ വിജയത്തോടെ ക്വാര്‍ട്ടറില്‍ എത്തിയ ഇംഗ്ലണ്ടിന് സ്വീഡനോ ഉക്രൈനോ ആകും ഇനിയുള്ള എതിരാളികള്‍.

Follow Us:
Download App:
  • android
  • ios