ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ പരിശീലകൻ ഒലെ സോൾഷയറിന് കീഴിൽ മുന്നേറ്റം തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു. റൊമേലു ലുക്കാക്കു ഇരട്ടഗോൾ നേടി. ആഷ്‍ലി യങ് ആണ് മൂന്നാം ഗോൾ നേടിയത്. സോൾഷയറിന് കീഴിൽ പ്രീമിയർലീഗിൽ 11 മത്സരങ്ങളിലും യുണൈറ്റഡ് തോൽവിയറിയാതെ മുന്നേറുകയാണ്.

മറ്റൊരു മത്സരത്തില്‍ ലിവർപൂൾ എതിരില്ലാത്ത അഞ്ച് ഗോളിന് വാറ്റ്ഫോർഡിനെ തോൽപിച്ചു. സാദിയോ മാനെ,വിർജിൽ വാൻഡിക് എന്നിവർ ഇരട്ടഗോൾ നേടി. ഡിവോക് ഒറിഗിയാണ് മറ്റൊരു ഗോൾ നേടിയത്. ലീഗിൽ 69 പോയിന്‍റുമായി ലിവർപൂളാണ് ഒന്നാമത്.

കിരീടപ്പോരാട്ടത്തില്‍ ലിവര്‍പൂളുമായി കടുത്ത പോരാട്ടം കാഴ്ചവെക്കുന്ന മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ്ഹാം യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു. പെനാൽറ്റിയിലൂടെ സെർജിയോ അഗ്യൂറോയാണ് ഗോൾ നേടിയത്. ലീഗിൽ ലിവർപൂളിന് പിന്നിൽ രണ്ടാമതാണ് മാഞ്ചസ്റ്റർ സിറ്റി.

ടോട്ടനംഹോട്ട്സ്പറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് ചെല്‍സിയും വിജയവഴിയിലായി. പെഡ്രോയാണ് ചെൽസിക്കായി ആദ്യ ഗോൾ നേടിയത്. ട്രിപ്പിയറുടെ ഓൺഗോളിലൂടെ ചെൽസി ലീഡുയർത്തി. ലീഗിൽ ആറാം സ്ഥാനത്താണ് ഇപ്പോൾ ചെൽസി.

മുന്‍ ചാമ്പ്യന്‍മാരായ ആഴ്സണലും വമ്പൻ ജയം സ്വന്തമാക്കി. ബേൺമൗത്തിനെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ആഴ്സണൽ തോൽപിച്ചത്. 56 പോയിന്‍റോടെ ലീഗിൽ നാലാം സ്ഥാനത്താണ് ആഴ്സണൽ.