ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. ന്യൂകാസിലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ച് ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ ലീഡുയര്‍ത്തി. 

ആന്‍ഫീല്‍ഡില്‍ ആദ്യ പകുതിയില്‍ ഏഴാം മിനുറ്റില്‍ ജെട്രോ വില്യംസിലൂടെ ന്യൂകാസിലാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 2-1ന് ലീഡ് തിരിച്ചുപിടിച്ച് ലിവര്‍പൂള്‍ ആദ്യ പകുതിക്ക് പിരിഞ്ഞു. 28, 40 മിനിറ്റുകളില്‍ സാദിയോ മാനെയുടെ വകയായിരുന്നു ഗോളുകള്‍. രണ്ടാം പകുതിയില്‍ 72-ാം മിനുറ്റില്‍ മുഹമ്മദ് സലാ ലിവര്‍പൂളിന്‍റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഫിര്‍മിനോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു സലായുടെ ഗോള്‍. 

കളിച്ച അഞ്ചിലും ജയിച്ച ലിവര്‍പൂളിന് 15 പോയിന്‍റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് നാല് കളികളില്‍ നിന്ന് 10 പോയിന്‍റും. അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ന്യൂകാസില്‍ 16-ാം സ്ഥാനത്താണ്.