ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ലിവര്‍പൂള്‍. ബേൺമൗത്തിനോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലിവര്‍പൂളിന്‍റെ ജയം. ലിവറിനായി മുഹമ്മദ് സലായും സാദിയോ മാനെയും ലക്ഷ്യം കണ്ടപ്പോള്‍ വില്‍സനാണ് ബേൺമൗത്തിനായി ഗോള്‍ മടക്കിയത്. 29 കളിയിൽ 82 പോയിന്‍റുമായി ലിവര്‍പൂള്‍ ലീഗില്‍ ബഹുദൂരം മുന്നിലാണ്. സീസണിലെ 27-ാം ജയമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. 

മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാമിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ആഴ്‌സനല്‍ തോൽപ്പിച്ചു. 78-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ലക്കാസെറ്റെ നിര്‍ണായക ഗോള്‍ നേടി. 28 കളിയിൽ 40 പോയിന്‍റുള്ള ആഴ്‌സനല്‍ ഒന്‍പതാം സ്ഥാനത്താണ്. 27 പോയിന്‍റുള്ള വെസ്റ്റ്‌ഹാം 16-ാം സ്ഥാനത്താണ്. 

അതേസമയം ടോട്ടനം എവേ മത്സരത്തിൽ ബേണ്‍ലിയോട് സമനില വഴങ്ങി. ഇരുടീമും ഒരു ഗോള്‍ വീതം നേടി. 13-ാം മിനിറ്റില്‍ ക്രിസ് വുഡിലൂടെ ബേൺലി മുന്നിലെത്തി അമ്പതാം മിനിറ്റില്‍ ഡെലി അലി ടോട്ടനത്തെ ഒപ്പമെത്തിച്ചു. 29 കളിയിൽ 41 പോയിന്‍റുള്ള ടോട്ടനം എട്ടാംസ്ഥാനത്താണ്. 39 പോയിന്‍റുള്ള ബേണ്‍ലി പത്താംസ്ഥാനത്തും.