തുടരെ പത്തൊമ്പതാം ജയം തേടിയിറങ്ങിയ ലിവർപൂളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വാറ്റ്ഫോർഡ് തകർത്തത് 

വാറ്റ്ഫോർഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന്റെ ജൈത്രയാത്രക്ക് തടയിട്ട് വാറ്റ്‌ഫോർഡ്. തുടരെ പത്തൊമ്പതാം ജയം തേടിയിറങ്ങിയ ലിവർപൂളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വാറ്റ്‌ഫോർഡ് തകർത്തത്. 

18 ജയങ്ങളോടെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റ‍ർ സിറ്റിയുടെ റെക്കോർഡിനൊപ്പമായിരുന്നു ലിവർപൂൾ. സറിന്റെ ഇരട്ടഗോളും ഡിനിയുടെ ഗോളുമാണ് വാറ്റ്ഫോർഡിന് തുണയായത്. 28 കളികളിൽ നിന്ന് 27 പോയിന്റുകൾ മാത്രമുള്ള വാറ്റ്‌ഫോർഡ് തരംതാഴ്‌ത്തൽ ഭീഷണി നേരിടുകയായിരുന്നു. എങ്കിലും 28 കളിയില്‍ 79 പോയിന്‍റുമായി ഒന്നാംസ്ഥാനത്ത് തുടരുകയാണ് ലിവര്‍പൂള്‍. 

Scroll to load tweet…

അതേസമയം ചെല്‍സി സമനിലയുമായി രക്ഷപ്പെട്ടു. ബോൺമൗത്തിനെതിരായ മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഇരട്ടഗോള്‍ നേടിയ മാര്‍ക്കോസ് അലോന്‍സോ ആണ് ചെൽസിയെ രക്ഷിച്ചത്. 85-ാം മിനിറ്റിലാണ് അലോന്‍സോ ചെൽസിയെ കാത്ത ഗോള്‍ നേടിയത്. നേരത്തെ 33-ാം മിനിറ്റില്‍ അലോന്‍സോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു.

എന്നാല്‍ രണ്ടാംപകുതിയിൽ ബോൺമത്ത് രണ്ട് ഗോള്‍ നേടി മുന്നിലെത്തി. 54-ാം മിനിറ്റില്‍ ജെഫേഴ്‌സൺ ലെര്‍മയും 57-ാം മിനിറ്റില്‍ ജോഷ്വ കിംഗുമാണ് ബോൺമൗത്തിനായി ഗോള്‍ നേടിയത്. 28 കളിയിൽ 45 പോയിന്‍റമായി ചെൽസി നാലാംസ്ഥാനത്ത് തുടരും. 

Scroll to load tweet…