മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ വൂള്‍വ്സിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. 80-ാം മിനിറ്റില്‍ എത്തിഹാദ് സ്റ്റേഡിയം നടുങ്ങി. ഇഞ്ച്വറിടൈമിൽ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി അദാമയുടെ രണ്ടാം പ്രഹരം. 2010ന് ശേഷം മാ‍‌ഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ വൂള്‍വ്സിന്‍റെ ആദ്യജയം. കഴിഞ്ഞ രണ്ട് വട്ടം ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി നിലവില്‍ ലിവര്‍പൂളിനേക്കാള്‍ എട്ട് പോയിന്‍റ് പിന്നിലാണ്.

മൂന്നാം സ്ഥാനത്തേക്ക് ആഴ്‌സനല്‍

അതേസമയം നാലാം ജയത്തോടെ ആഴ്‌സനല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഹോം മത്സരത്തില്‍ ബോൺമൗത്തിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സനല്‍ തോൽപ്പിച്ചത്. ഒന്‍പതാം മിനിറ്റില്‍ ഡേവിഡ് ലൂയിസ് ആണ് നിര്‍ണായകഗോള്‍ നേടിയത്. എട്ട് കളിയിൽ 15 പോയിന്‍റുമായാണ് ആഴ്‌സനല്‍ മൂന്നാം സ്ഥാനത്തെത്തിയത്. 24 പോയിന്‍റുള്ള ലിവര്‍പൂള്‍ ആണ് ഒന്നാമത്. 

വമ്പന്‍ ജയവുമായി ചെല്‍സി

മറ്റൊരു മത്സരത്തില്‍ ചെല്‍സി ഒന്നിനെതിരെ നാല് ഗോളിന് സതാംപ്‌ടണെ തോൽപ്പിച്ചു. ആദ്യ പകുതിയിൽ ചെൽസി 3-1ന് മുന്നിലെത്തി. പതിനേഴാം മിനിറ്റില്‍ ടാമി എബ്രഹാം, 24-ാം മിനിറ്റില്‍ മേസൺ മൗണ്ട്, 40-ാം മിനിറ്റില്‍ കാന്‍റേ, 89-ാം മിനിറ്റില്‍ മിച്ചി ബാറ്റ്ഷുവായി എന്നിവരാണ് ചെൽസിക്കായി ഗോള്‍ നേടിയത്. മികച്ച പ്രകടനം നടത്തിയ കാലം ഹഡ്സൺ ഒഡോയി ചെൽസി ജയത്തിൽ നിര്‍ണായകമായി. 

സീസണിൽ ടാമി എബ്രഹാമിന് ഒന്‍പത് ഗോളായി. എട്ട് കളിയിൽ 14 പോയിന്‍റുമായി ചെൽസി അഞ്ചാം സ്ഥാനത്താണ്. പരിശീലകന്‍ ലാംപാര്‍ഡിന് കീഴില്‍ ചെൽസിയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്.