മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡും ബാഴ്‌സലോണയും ഇന്നിറങ്ങും. വൈകിട്ട് അഞ്ചിന് റയൽ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ എ‌സ്‌പാനിയോള്‍ ആണ് സിദാന്‍റെ സംഘത്തെ നേരിടുക. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30ന് തുടങ്ങുന്ന മത്സരത്തില്‍ ആര്‍സിഡി മയോര്‍ക്കയെ ബാഴ്‌സലോണ നേരിടും. 14 കളിയിൽ ബാഴ്‌സയ്‌ക്കും റയലിനും 31 പോയിന്‍റ് വീതമാണെങ്കിലും ഗോള്‍ശരാശരിയിൽ ബാഴ്‌സ ആണ് മുന്നിൽ.

ഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസിനും ജര്‍മ്മന്‍ ലീഗിൽ ബയേൺ, ലീപ്സിഗ്, ബൊറൂസിയ ടീമുകള്‍ക്കും ഇന്ന് മത്സരമുണ്ട്.

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിൽ ഇന്ന് മാഞ്ചസ്റ്റര്‍ ഡര്‍ബിയാണ്. നിലവിലെ ജേതാക്കളായ സിറ്റിയും മുന്‍ ചാംപ്യന്മാരായ യുണൈറ്റഡും നേര്‍ക്കുനേര്‍ വരും. ഇന്ത്യന്‍ സമയം രാത്രി 11ന് സിറ്റി മൈതാനത്താണ് മത്സരം. 32 പോയിന്‍റോടെ സിറ്റി മൂന്നാമതും 21 പോയിന്‍റോടെ യുണൈറ്റഡ് ആറാം സ്ഥാനത്തുമാണ്. സീസണിൽ പതിനാറാം മത്സരമാണ് ഇരുടീമുകള്‍ക്കും.

ഇന്നത്തെ മറ്റ് മത്സരങ്ങളിൽ വൈകിട്ട് ആറിന് ചെൽസി എവേര്‍ട്ടനെയും രാത്രി 8.30ന് ലിവര്‍പൂള്‍, ബോൺമൗത്തിനെയും ടോട്ടനം, ബേൺലിയെയും നേരിടും.