മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രമുഖ ടീമുകൾ ഇന്ന് നാലാം റൗണ്ട് പോരാട്ടത്തിനിറങ്ങുന്നു. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ എന്നിവർക്കെല്ലാം മത്സരമുണ്ട്. 

മാഞ്ചസ്റ്റർ യുണൈറ്റഡ് വൈകിട്ട് അഞ്ചിന് തുടങ്ങുന്ന കളിയിൽ സതാപ്ടണെ നേരിടും. ചെൽസി വൈകിട്ട് ഏഴരയ്ക്ക് ഹോം ഗ്രൗണ്ടിൽ ഷെഫീൽഡ് യുണൈറ്റഡിനെയാണ് നേരിടുക. ഇതേസമയംതന്നെ മാഞ്ചസ്റ്റർ സിറ്റി, ബ്രൈറ്റണുമായി ഏറ്റുമുട്ടും. സിറ്റിക്കും ഹോം ഗ്രൗണ്ടിലാണ് മത്സരം. 

ലിവർപൂൾ രാത്രി പത്തിന് തുടങ്ങുന്ന കളിയിൽ ബേൺലിയെ നേരിടും. ബേൺലിയുടെ ഗ്രൗണ്ടിലാണ് മത്സരം. മറ്റ് മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി, ബോൺമൗത്തിനെയും വെസ്റ്റ് ഹാം, നോർവിച്ച് സിറ്റിയെയും ന്യൂകാസിൽ, വാറ്റ്ഫോർഡിനെയും ക്രിസ്റ്റൽ പാലസ്, ആസ്റ്റൺ വില്ലയെയും നേരിടും. 

മൂന്ന് കളിയും ജയിച്ച് ഒൻപത് പോയിന്‍റുള്ള ലിവർപൂളാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. ഏഴ് പോയിന്റുളള സിറ്റി രണ്ടാം സ്ഥാനത്താണ്. നാല് പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തും.