ബേണ്‍ലി: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബേണ്‍ലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച് ലിവർപൂൾ. ബേണ്‍ലിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാനം ഫിർമീനോ ലിവർപൂളിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ നാറ്റ് ഫിലിപ്സും ചമ്പർലൈനും ലിവർപൂളിന്റെ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു. 

ഈ വിജയത്തോടെ 36 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി ലിവർപൂള്‍. 67 പോയിന്റുമായി ചെൽസി മൂന്നാമത് നിൽക്കുന്നു. ഏറെ നാളുകളായി ആദ്യ നാലിൽ നിന്ന് പുറത്തായിരുന്ന ലിവർപൂൾ ലീഗ് അവസാനിക്കാൻ വെറും ഒരു റൗണ്ട് മത്സരം മാത്രം ബാക്കിയിരിക്കേ ആണ് ടോപ് ഫോറില്‍ തിരികെ എത്തിയത്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്ന ടീമുകളിൽ ഒന്നാവാൻ ലിവർപൂളിന് ഇനി ഒരു വിജയം മാത്രം മതി.

ഇഞ്ചുറിടൈമില്‍ ആഴ്‌സണല്‍

മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റൽ പാലസിനെതിരെ ആഴ്സണല്‍ വിജയിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം. ഇതിൽ അവസാന രണ്ട് ആഴ്സണൽ ഗോളും ഇഞ്ച്വറി ടൈമിലാണ് പിറന്നത്. ടിയേർനിയുടെ ക്രോസിൽ നിന്ന് പെപെ ആഴ്സണലിന് ആദ്യം ലീഡ് നൽകി. ക്രിസ്റ്റൽ പാലസ് 62-ാം മിനുറ്റില്‍ സമനില പിടിച്ചെങ്കിലും മത്സരം അവസാന മിനുറ്റുകളില്‍ കൈവിടുകയായിരുന്നു. 

ഒഡെഗാർഡിന്റെ ക്രോസിൽ നിന്ന് 91-ാം മിനുട്ടിൽ ബ്രസീലിയൻ താരം മാർടിനെല്ലി ആഴ്സണലിന് ലീഡ് നൽകി. പിന്നാലെ പെപെ വിജയം ഉറപ്പിച്ച മൂന്നാം ഗോളും(90+5) നേടി. ലീഗിൽ 58 പോയിന്റുമായി ആഴ്സണൽ ഒമ്പതാം സ്ഥാനത്താണ് ഉള്ളത്.

ടോട്ടനത്തിന് തിരിച്ചടി 

അതേസമയം പ്രീമിയർ ലീഗിൽ ടോട്ടനം പരാജയം രുചിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽവി. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ടാം മിനുട്ടിൽ തന്നെ ടോട്ടനം ലീഡ് എടുത്തിരുന്നു. എന്നാൽ ഒരു സെൽഫ് ഗോളിലൂടെ സമനില വഴങ്ങി. 20-ാം മിനിറ്റിൽ റെഗുലിയനാണ് നിർഭാഗ്യകരമായ സെൽഫ് ഗോൾ വഴങ്ങിയത്. 30-ാം മിനുട്ടിൽ വാറ്റ്കിൻസ് ആസ്റ്റൺ വില്ലയുടെ ലീഡ് ഉയർത്തി. ഈ പരാജയം ടോട്ടനത്തിന്‍റെ യൂറോപ്പ ലീഗ് പ്രതീക്ഷയ്ക്ക് തിരിച്ചടിയാകും. 

പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ എവർട്ടൺ വോൾവ്സിനെ പരാജയപ്പെടുത്തി. എവർട്ടന്റെ ഹോം ഗ്രൗണ്ടായ ഗുഡിസൻ പാർക്കിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് എവർട്ടൺ വിജയിച്ചത്. ബ്രസീലിന്റെ സ്‌ട്രൈക്കര്‍ റിച്ചാർലിസനാണ് എവർട്ടന്‍റെ വിജയഗോൾ നേടിയത്. ഇതോടെ യൂറോപ്പ ലീഗ് പ്രതീക്ഷ സജീവമായി. 59 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ് എവർട്ടൺ ഇപ്പോൾ. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ആണ് എവർട്ടണ്‍ നേരിടേണ്ടത്.  

യൂറോ കപ്പ്: ജര്‍മനി സ്‌ക്വാഡ് പ്രഖ്യാപിച്ചു; മുള്ളറും ഹമ്മല്‍സും തിരിച്ചെത്തി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona