ആസ്റ്റണ്‍: പ്രീമിയർ ലീഗിൽ കിരീടത്തോടടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ആസ്റ്റൻ വില്ലയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചു. അതേസമയം പുതിയ പരിശീലകന് കീഴിൽ ജയിച്ച് തുടങ്ങി ടോട്ടനം. ലാ ലിഗയിൽ റയല്‍ മാഡ്രിഡും ജയം സ്വന്തമാക്കി. 

കാഡിസിനെ റയൽ മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപിച്ചത്. ഒരു പെനാൽറ്റിയടക്കം കരീം ബെൻസേമ റയലിനായി രണ്ട് ഗോളുകൾ നേടി. അൽവാരോ ഒഡ്രിയോസോള 30-ാം മിനിറ്റിൽ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. നിലവിൽ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് റയൽ. റയലിന് 32 കളിയിലും രണ്ടാമതുള്ള അത്‌ലറ്റിക്കോയ്‌ക്ക് 31 മത്സരത്തിലും 70 പോയിന്‍റാണുള്ളത്.  

സിറ്റി കിരീടത്തിനരികെ

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ആസ്റ്റൻ വില്ലയെ തോൽപിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം. മത്സരത്തിന്‍റെ ആദ്യ മിനുറ്റിൽ തന്നെ ജോൺ മഗ്വിന്‍റെ ഗോളിൽ ആസ്റ്റന്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ 22-ാം മിനിറ്റിൽ ഫിൽ ഫോഡനിലൂടെ സിറ്റി ഒപ്പമെത്തി. 40-ാം മിനിറ്റിൽ റോഡ്രി സിറ്റിക്കായി രണ്ടാം ഗോൾ നേടി. 

ജയവുമായി മാഞ്ചസ്റ്റർ സിറ്റി കിരീടത്തോട് ഒരുപടി കൂടി അടുത്തു. അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റ് സ്വന്തമാക്കിയാൽ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാം. 

ടോട്ടനത്തിന് 'പുതിയ' തുടക്കം

പ്രീമിയർ ലീഗിൽ പുതിയ പരിശീലകന്‍ റയാൻ മേസന്റെ കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ടോട്ടനം ജയത്തോടെ തുടങ്ങി. ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് ടോട്ടനം സതാംപ്‌ടണെ പരാജയപ്പെടുത്തിയത്. ഇഞ്ചുറി ടൈമിൽ നേടിയ പെനാൽറ്റി ജയം ഉറപ്പിക്കുകയായിരുന്നു. ഡാനി ഇങ്‌സാണ് സതാംപ്‌ടന്‍റെ സ്‌കോറർ.

റയാൻ മേസന്റെ കീഴിൽ നേടിയ ജയം ടോട്ടൻഹാമിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ നിലനിർത്തും. രണ്ടാംപകുതിയിൽ ഗാരെത് ബെയ്‌ലിന്റെ ഗോളിലൂടെ സമനില നേടിയ ടോട്ടനത്തിനായി ഇഞ്ചുറി ടൈമിൽ സോൻ ഹ്യു മിൻ പെനാൽറ്റിയിലൂടെ വിജയഗോൾ നേടി.

അവസാന നിമിഷ ത്രില്ലറില്‍ കെഎസ്ഇബിയെ മറികടന്നു; കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലത്തിന്

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി