പുറത്താക്കപ്പെട്ട ഒലേ സോൾഷെയറിന് പകരമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റാൽഫ് റാങ്നിക്കിന്‍റെ നിയമനം

ഓള്‍ഡ് ട്രഫോര്‍ഡ്: ഇടക്കാല പരിശീലകന്‍ റാൽഫ് റാങ്‍‍നിക്കിന് (Ralf Rangnick) കീഴിലെ ആദ്യ മത്സരത്തിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) ഇന്നിറങ്ങും. ക്രിസ്റ്റല്‍ പാലസ് (Crystal Palace) ആണ് എതിരാളികള്‍. യുണൈറ്റഡ് തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ (Old Trafford) ഇന്ത്യന്‍സമയം രാത്രി 7.30നാണ് മത്സരം. 14 കളിയിൽ യുണൈറ്റഡിന് 21 ഉം ക്രിസ്റ്റല്‍ പാലസിന് 16 ഉം പോയിന്‍റാണുള്ളത്. കഴി‍ഞ്ഞ രണ്ട് കളിയിലും ക്രിസ്റ്റല്‍ തോറ്റിരുന്നു.

പുറത്താക്കപ്പെട്ട ഒലേ സോൾഷെയറിന് പകരമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റാൽഫ് റാങ്നിക്കിന്‍റെ നിയമനം. ഈ സീസൺ അവസാനിക്കും വരേയാണ് റാങ്നിക്കിന്‍റെ കരാർ. കരാർ അവസാനിച്ച ശേഷം അടുത്ത രണ്ട് സീസണിൽ യുണൈറ്റഡിന്‍റെ ഉപദേഷ്ടാവായും പ്രവർത്തിക്കാമെന്ന് നിലവില്‍ വ്യവസ്ഥയുണ്ട്. ലോകോമോട്ടീവ് മോസ്കോയിൽ നിന്നാണ് ജര്‍മന്‍കാരനായ റാൽഫ് റാങ്നിക്ക് യുണൈറ്റഡിൽ എത്തിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമല്ല, ടീമെന്ന നിലയിൽ എല്ലാ താരങ്ങളും എങ്ങനെ മെച്ചപ്പെടുന്നു എന്നതിലാണ് ശ്രദ്ധയെന്ന് ഇടക്കാല പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തിൽ റാങ്നിക്ക് വ്യക്തമാക്കിയിരുന്നു. 36-ാം വയസില്‍ ഇത്രയും ശാരീരികക്ഷമത പുലര്‍ത്തുന്ന മറ്റൊരു കളിക്കാരനെയും കണ്ടിട്ടില്ലെന്ന് റോണോയെ ചൂണ്ടിക്കാട്ടി റാങ്നി‌ക്ക് കൂട്ടിച്ചേര്‍ത്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിലവില്‍ ഏഴാം സ്ഥാനത്തും ക്രിസ്റ്റല്‍ പാലസ് പതിനൊന്നാമതുമാണ്. 

ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ രാത്രി 7.30ന് ടോട്ടനം, നോര്‍വിച് സിറ്റിയെയും രാത്രി 10ന് സ്റ്റീവന്‍ ജെറാര്‍ഡ് പരിശീലിപ്പിക്കുന്ന ആസ്റ്റൺ വില്ല, ലെസ്റ്റര്‍ സിറ്റിയെയും നേരിടും. 

EPL : മാഞ്ചസ്റ്റർ സിറ്റി തലപ്പത്ത്; ചെൽസിക്ക് ബ്രേക്കിട്ട് വെസ്റ്റ് ഹാം, നാടകീയ ജയവുമായി ലിവര്‍പൂള്‍