ചെല്‍സി മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് മത്സരം. 12 കളിയില്‍ ചെല്‍സിക്ക് 29 പോയിന്റാണുള്ളത്.  യുണൈറ്റഡിന് 17. നായകന്‍ ഹാരി മഗ്വയര്‍ യുണൈറ്റഡ് നിരയില്‍ ഉണ്ടാകില്ല. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി- മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വമ്പന്‍ പോരാട്ടം. ചെല്‍സി മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് മത്സരം. 12 കളിയില്‍ ചെല്‍സിക്ക് 29 പോയിന്റാണുള്ളത്. യുണൈറ്റഡിന് 17. നായകന്‍ ഹാരി മഗ്വയര്‍ യുണൈറ്റഡ് നിരയില്‍ ഉണ്ടാകില്ല. 

പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും ജൈത്രയാത്ര തുടരുന്ന ചെല്‍സിക്ക് കരുത്ത് അവരുടെ പ്രതിരോധ നിരയാണ്. ഗോള്‍ വഴങ്ങുന്നതില്‍ പിശുക്കുകാട്ടുകയും ഗോളടിച്ച് നിര്‍ണായകജയം സമ്മാനിക്കുകയും ചെയ്യുന്ന പ്രതിരോധപ്പടയാണ് പരിശീലകന്‍ തോമസ് ടുഷേലിന്റെ തുറുപ്പ് ചീട്ട്. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് പറയുക മാത്രമല്ല, പ്രതിരോധ നിര ഒന്നാകെ ആക്രമണം നടത്തുന്ന കാഴ്ചയാണ് ചെല്‍സിയില്‍. 

തോമസ് ടുഷേല്‍ പരിശീലകനായി എത്തിയ ആദ്യ സീസണില്‍ തന്നെ ചാംപ്യന്‍സ് ലീഗ് കിരീടം സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തി. ഈ സീസണിലും ചെല്‍സി നോട്ടൗട്ടിലുണ്ട്. പ്രീമിയര്‍ ലീഗില്‍ 12 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മുന്നിലാണ് ചെല്‍സി. ഇഎഫ്എല്‍ കപ്പില്‍ ക്വാര്‍ട്ടറിലുമെത്തി. ചെല്‍സിക്ക് കരുത്തായത് സീസണില്‍ 16 ഗോളുകളും 10 അസിസ്റ്റും നേടിയ പ്രതിരോധതാരങ്ങള്‍. 10 ഗോളുകളില്‍ പങ്കാളിയായ റീസ് ജയിംസാണ് മുന്നില്‍.

ചില്‍വെല്ലും റൂഡിഗറും 4 വീതം ഗോളുകളില്‍ പങ്കാളികളായി. ചലോബ ഈ സീസണില്‍ നേടിയത് 3 ഗോള്‍. ചെല്‍സി നേടിയ ഗോളുകളില്‍ 43%വും പ്രതിരോധ താരങ്ങളാണെന്ന് അറിയുമ്പോഴാണ് ടീമിലെ നിശബ്ദ തരംഗം വ്യക്തമാവുക. ഗോള്‍ വഴങ്ങുന്നതിലും ചെല്‍സിക്ക് പിശുക്കുണ്ട്. നാല് ഗോളുകള്‍ മാത്രമാണ് ചെല്‍സി ലീഗില്‍ വഴങ്ങിയത്. 12 കളികളില്‍ 8 ക്ലീന്‍ഷീറ്റ്. ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്റിയുടെ മിന്നുംഫോമും കാര്യങ്ങള്‍ എളുപ്പമാക്കുന്നു.