"Well played Bellingham and referee": Haaland's father criticises officiating after Norway's exit against England. ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇരട്ടഗോളുകളിൽ നോർവേയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. റഫറിയിങ്ങിനെച്ചൊല്ലിയുള്ള വിവാദങ്ങൾ മത്സരത്തിൽ കരിനിഴൽ വീഴ്ത്തി.
മയാമി: അട്ടിമറിവിജയത്തോടെ ക്വാർട്ടറിൽ എത്തിയ നോർവേയെ തോല്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമി പ്രവേശനം സ്വന്തമാക്കിയിരിക്കുകയാണ്. ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്. മത്സരത്തിൽ കൃത്യമായ താളത്തോടെ കളിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് മുപ്പത്തിയാറാം മിനിറ്റിൽ നോർവേ ലീഡെടുത്തെങ്കിലും ആദ്യ പകുതി അവസാനയ്ക്കും മുൻപ് ജൂഡ് ബെല്ലിങ്ങ്ഹാം തിരിച്ചടിച്ചു. സമനിലക്കുരുക്ക് പൊട്ടിക്കാൻ കിണഞ്ഞുപരിശ്രമിച്ച ഇംഗ്ലണ്ടിനെതിരെ വലിയ രീതിയിലുള്ള ആക്രമണമായിരുന്നു രണ്ടാം പകുതിയിൽ നോർവേ കാഴ്ചവച്ചത്. എന്നാൽ കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ജൂഡ് ബെല്ലിങ്ങ്ഹാം ഇംഗ്ലണ്ടിനായി വീണ്ടും വലകുലുക്കി. ഹാളണ്ടിന്റെ ഗോൾ അടിയിൽ പ്രതീക്ഷ വച്ചിരുന്ന നോർവേയ്ക്ക് പ്രതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ. ആക്രമിച്ച കളിച്ചെങ്കിലും പലപ്പോഴും ഗോൾ നേടാൻ നോർവേയ്ക്ക് സാധിച്ചില്ല. രണ്ടാം പകുതിയിൽ സോർലോത്തിന് ലഭിച്ച മികച്ച അവസരം ഹാളണ്ടിന് പാസ് നൽകാത്ത താരം തുലച്ച് കളഞ്ഞത് വലിയ ചർച്ചയായിരുന്നു.
പതിവുപോലെ റഫറിയിങ്ങിലെ പിഴവുകൾ ആരോപിക്കപ്പെട്ട മത്സരം കൂടിയായിരുന്നു ഇംഗ്ലണ്ട്- നോർവേ പോരാട്ടം. മത്സരത്തിന്റെ അൻപത്തിയഞ്ചാം മിനിറ്റിൽ നോർവേയ്ക്ക് വേണ്ടി കോർണർകിക്കിൽ നിന്നുള്ള ഹെഡറിൽ ഹെഗം ഗോൾ നേടിയെങ്കിലും, കിക്കെടുക്കുന്നതിന് മുൻപ് എലിയറ്റ് ആൻഡേഴ്‌സണെ ഹാളണ്ട് തള്ളിയിട്ടെന്ന് ചൂണ്ടിക്കാണിച്ച് നോർവെയുടെ ഗോൾ റദ്ധാക്കിയത് വലിയ ചർച്ചയായിരുന്നു. കൂടാതെ ഇംഗ്ലണ്ടിന്റെ ആദ്യ ഗോളിലേക്ക് വഴിതെളിച്ച നോർവെയുടെ ഗോൾ കിക്ക് സ്റ്റേഡിയത്തിലെ മുകളിലെ ബ്രോഡ്‌കാസ്റ്റിങ്ങ് ക്യാമറയിൽ തട്ടിയതിന് ശേഷമാണ് ഇംഗ്ലണ്ട് താരത്തിന്റെ കാലിലെത്തുന്നതും ജൂഡ് ഗോൾ നേടുന്നതും.
അപ്പീൽ ചെയ്ത നോർവേ താരങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കാതെയാണ് കളി പിന്നീട് തുടങ്ങിയത്. ഇപ്പോഴിതാ മത്സരശേഷം ഹാളണ്ടിന്റെ പിതാവും മുൻ നോർവീജിയൻ താരവുമായ ആൽഫി ഹാളണ്ട് എക്‌സിൽ പങ്കുവച്ച കുറിപ്പാണ് ചർച്ചയാവുന്നത്. ബെല്ലിങ്‌ഹാമിനും റഫറിക്കും അഭിനന്ദങ്ങൾ എന്നാണ് ആൽഫി എക്‌സിൽ കുറിച്ചത്. മത്സരം രക്ഷിച്ചത് റഫറിയാണെന്നും തങ്ങൾ പറ്റിക്കപ്പെട്ടുവെന്നും മറ്റൊരു പോസ്റ്റിൽ ആൽഫി കൂട്ടിച്ചേർത്തു. നിരവധി പേരാണ് പോസ്റ്റിന് കീഴെ കമന്റുകളുടെ എത്തുന്നത്. റഫറിയിങ്ങിലെ പിഴവുകളാണ് മത്സരം തങ്ങൾക്ക് കൈവിട്ടുപോവാൻ കാരണമെന്നാണ് നോർവേ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ന്നത്തെ മത്സരത്തിലെ ഗോൾ നേട്ടത്തോടെ ഈ ലോകകപ്പിൽ ആറ് ഗോളുകൾ നേട്ടം കൈവരിക്കാനും ജൂഡ് ബെല്ലിങ്‌ഹാമിനായി.



