Asianet News MalayalamAsianet News Malayalam

നെതർലൻഡ്സ് പരിശീലകൻ ഫ്രാങ്ക് ഡി ബോയർ രാജിവെച്ചു

യൂറോ കപ്പിൽ ​ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് കളികളിൽ മൂന്ന് ജയവുമായി ഏറെ പ്രതീക്ഷ ഉയർത്തി പ്രീ ക്വാർട്ടറിൽ എത്തിയ നെതർലൻ‍ഡ്സിന്  പക്ഷെ പ്രീ ക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക്കിന് മുന്നിൽ അടിതെറ്റുകയായിരുന്നു. ഓസ്ട്രിയ, യുക്രൈൻ, നോർത്ത് മാസിഡോണിയ ടീമുകളെയാണ് ​ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്സ് മറികടന്നത്.

Euro 2020:Netherlands Football team coach Frank de Boer quits
Author
Amsterdam, First Published Jun 29, 2021, 9:33 PM IST

ആംസ്റ്റർഡാം: യൂറോ കപ്പിലെ പ്രീ ക്വാർട്ടർ തോൽവിക്ക് പിന്നാലെ നെതർലൻഡ്സ് പരിശീലകൻ ഫ്രാങ്ക് ഡി ബോയർ രാജിവെച്ചു. 2020ൽ റൊണാൾഡ് കൂമാൻ ബാഴ്സലോണ പരിശീലകനായി പോയതോടെയാണ് കൂമാന്റെ പിൻ​ഗാമിയായി ഡി ബോയർ നെതർലൻഡ്സ് പരിശീലകനായത്. രണ്ട് വർഷ കരാറിലായിരുന്നു നിയമനമെങ്കിലും യൂറോ തോൽവിക്ക് പിന്നാലെ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഡിബോയർ സ്ഥാനം ഒഴിയുന്നതെന്ന് ‍‍ഡച്ച് ഫുട്ബോൾ അസോസിയേഷൻ പറഞ്ഞു.

രണ്ട് ലോകകപ്പുകളിൽ നെതർലൻഡ്സിനായി കളിച്ച ഡി ബോയർ 112 മത്സരങ്ങളിൽ ഓറഞ്ച് കുപ്പായമണിഞ്ഞു. 15 മത്സരങ്ങളിൽ നെതർലൻഡ്സിനെ പരിശീലിപ്പിച്ച ഡി ബോയർക്ക് എട്ട് ജയങ്ങൾ നേടാനായി. യൂറോ കപ്പിൽ ​ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് കളികളിൽ മൂന്ന് ജയവുമായി ഏറെ പ്രതീക്ഷ ഉയർത്തി പ്രീ ക്വാർട്ടറിൽ എത്തിയ നെതർലൻ‍ഡ്സിന്  പക്ഷെ പ്രീ ക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക്കിന് മുന്നിൽ അടിതെറ്റുകയായിരുന്നു. ഓസ്ട്രിയ, യുക്രൈൻ, നോർത്ത് മാസിഡോണിയ ടീമുകളെയാണ് ​ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്സ് മറികടന്നത്.

എന്നാൽ പ്രീ ക്വാർട്ടറിൽ പ്രതിരോധനിരതാരം മാത്തിയാസ് ഡി ലൈറ്റ് പന്ത് മനപൂർവം കൈകൊണ്ട് തട്ടിയതിന് ചുവപ്പുകാർഡ് കണ്ട് പുറത്തു പോയതിനെത്തുടർന്ന് മത്സരത്തിന്റെ പകുതി സമയവും 10 പേരുമായി കളിക്കേണ്ടി വന്ന നെതർലൻഡ്സ് ചെക്ക് റിപ്പബ്ലിക്കിനോട് എതിരില്ലാത്ത രണ്ട് ​ഗോളിനാണ് അടിയറവ് പറഞ്ഞ് പുറത്തായത്.

2020ൽ പരിശീലകനായി ചുമതലയേറ്റപ്പോൾ അത് വലിയൊരു അം​ഗീകാരമായാണ് കരുതിയതെന്ന് ഡി ബോയർ പറഞ്ഞു. എന്നാൽ അം​ഗീകാരത്തിനൊപ്പം സമ്മർദ്ദത്തെക്കുറിച്ചും അന്നേ ബോധവനായിരുന്നു. ഇപ്പോൾ ഓരോ മത്സരം കഴിയുന്തോറും അത് കൂടി കൂടി വരികയാണ്. വ്യക്തിപരമായി തനിക്കും ഡച്ച് ടീമിനും ഇത് ഒട്ടും നല്ലതല്ലെന്നും നിർണായക ലോകകപ്പ് യോ​ഗ്യതാ പോരാട്ടങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഏറ്റവും ഉചിതമായ തീരുമാനം എടുത്തതെന്നും ഡി ബോയർ പറഞ്ഞു

Follow Us:
Download App:
  • android
  • ios