ബെര്‍ലിന്‍: യുവേഫ യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ നോർത്തേൺ അയർലണ്ടിനെതിരെ ജർമ്മനിക്ക് രണ്ടുഗോൾ ജയം. നാൽപ്പത്തിയെട്ടാം മിനുട്ടിൽ മാർസെൽ ഹാൾസ്റ്റെൻ ബെർഗാണ് ആദ്യഗോൾ നേടിയത്. കളി തീരുന്നതിന് തൊട്ടുമുമ്പ് സെർജി ഗ്നാബ്രിയും സ്കോർ ചെയ്തു. ഇതോടെ ഗ്രൂപ്പ് സിയിൽ 12 പോയിന്‍റോടെ ജർമ്മനി ഒന്നാമതെത്തി.

മറ്റൊരു യോഗ്യതാ മത്സരത്തിൽ ഹോളണ്ട് ഈസ്റ്റോണിയയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു. റയാം ബാബേൽ ഹോളണ്ടിനുവേണ്ടി രണ്ട് ഗോളുകൾ നേടി. മെംഫിസ് ഡിപായും വൈനാൾഡയും ഹോളണ്ടിനായി സ്കോർ ചെയ്തു. കഴിഞ്ഞ മത്സരത്തിൽ ജർമ്മനിയെ ഹോളണ്ട് അട്ടിമറിച്ചിരുന്നു.

അതേസമയം, യൂറോ യോഗ്യതാ റൗണ്ടില്‍ ബെൽജിയത്തിന്‍റെ അപരാജിത മുന്നേറ്റം തുടരുകയാണ്. സ്കോട്‍ലൻഡിനെതിരെ എതിരില്ലാത്ത നാല് ഗോളിനാണ് ബെൽജിയത്തിന്‍റെ വിജയം. മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്ത ഡി ബ്രുയിനാണ് കളിയിലെ താരം. കളിച്ച ആറ് മത്സരങ്ങളും ജയിച്ച ബെൽജിയം ഗ്രൂപ്പിൽ ഒന്നാമതായി തുടരുകയാണ്.

ഗ്രൂപ്പ് ഇ യിൽ ക്രൊയേഷ്യയെ അസർബൈജാൻ സമനിലയിൽ തളച്ചു. ലൂക്കാ മോഡ്രിച്ചിന്‍റെ പെനാൽറ്റിയിലൂടെ ക്രൊയേഷ്യ തുടക്കത്തിലേ മുന്നിലെത്തിയെങ്കിലും72ആം മിനുട്ടിൽ അസർബൈജാൻ ഞെട്ടിച്ചു. ടംകിൻ ഖാലിസദേയാണ് സ്കോർ ചെയ്തത്. പോയിന്‍റ് പട്ടികയിൽ ആദ്യ പോയിന്‍റും അസർബൈജാൻ നേടി. 10 പോയിന്‍റോടെ ക്രൊയേഷ്യ ഗ്രൂപ്പിൽ ഒന്നാമതാണ്.