ഒന്‍പത് വർഷം ഇംഗ്ലണ്ടിന്‍റെ യൂത്ത് ടീമിൽ കളിച്ച ജമാൽ മുസിയാല രണ്ട് വർഷം മുമ്പാണ് ജർമനിയിൽ തിരിച്ചെത്തിയത്

വെംബ്ലി: യൂറോയില്‍ ഇംഗ്ലണ്ടിനായും ജർമനിക്കായും ആരാധകർ ചേരിതിരിഞ്ഞ് പോരടിക്കുമ്പോൾ ഇരു ടീമിനെയും ഒരേപോലെ സ്നേഹിക്കുന്ന കളിക്കാരനുണ്ട് ജർമൻ നിരയിൽ. മിഡ്ഫീൽഡർ ജമാൽ മുസിയാലയാണത്. ഒന്‍പത് വർഷം ഇംഗ്ലണ്ടിന്‍റെ യൂത്ത് ടീമിൽ കളിച്ച ജമാൽ മുസിയാല രണ്ട് വർഷം മുമ്പാണ് ജർമനിയിൽ തിരിച്ചെത്തിയത്.

പതിനെട്ടുകാരന്‍ ജമാൽ മുസിയാല ജർമൻ നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്. ക്ലബ് തലത്തില്‍ ബയേണ്‍ മ്യൂണിക്കിന്‍റെ താരം. ഇന്ന് ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങുമ്പോൾ എല്ലാ ജർമൻ താരങ്ങളെയും പോലെ വാശിയും പോരാട്ടവീര്യവും ആവോളമുണ്ടാകും മുസിയാലക്ക്. ഒപ്പം അല്‍പ്പം സ്നേഹം കൂടിയും.

ജർമനിയിലെ സ്റ്റർട്ട്ഗർട്ടിലാണ് മുസിയാല ജനിച്ചത്. അച്ഛൻ ബ്രിട്ടീഷ് നൈജീരിയൻ, അമ്മ ജർമൻകാരി. ജമാൽ മുസിയാലയുടെ ഏഴാം വയസിൽ എല്ലാവരും കൂടി ജർമനി വിട്ട് ഇംഗ്ലണ്ടിലേക്ക് താമസം മാറി. ചെറുപ്പം മുതൽ ഫുട്ബോളിനെ നെഞ്ചോട് ചേർത്തിരുന്ന മുസിയാല ഇംഗ്ലണ്ടിന്‍റെ യൂത്ത് ടീമിൽ അംഗമായി. ചെൽസി അക്കാദമിയിൽ ഫുട്ബോൾ പഠനവും. അങ്ങനെയിരിക്കെയാണ് എല്ലാവരും തിരികെ ജർമനിയിലേക്ക് വരാൻ തീരുമാനിച്ചത്. 2019 ജൂലെയിൽ 16-ാം വയസിൽ ജർമനിയിൽ തിരിച്ചെത്തി. 

നാട്ടിലേക്കുള്ള തിരിച്ചുവരവില്‍ മുസിയാല സൂപ്പർക്ലബായ ബയേണ്‍ മ്യൂണിക്കിൽ ഇടംപിടിച്ചു. പിന്നാലെ ജർമൻ ദേശീയ ടീമിലുമെത്തി. ഇംഗ്ലണ്ടും അവിടുത്തെ സുഹൃത്തുക്കളെയുമൊക്കെ മറന്നിട്ടില്ലെങ്കിലും ഇന്ന് കളത്തിലിറങ്ങുമ്പോൾ അതൊന്നും മനസിലുണ്ടാകില്ലെന്ന് ജമാൽ മുസിയാല പറയുന്നു. 

ഇംഗ്ലണ്ടിലെ വെംബ്ലിയില്‍ രാത്രി ഒൻപതരയ്ക്കാണ് ഇംഗ്ലണ്ട്-ജർമനി സൂപ്പർ പോരാട്ടം. ഫൈനലോളം പോന്ന ആവേശ മത്സരത്തിനാണ് ഇരു ടീമിന്‍റെയും ആരാധകർ കാത്തിരിക്കുന്നത്. ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ഗേറ്റ് പ്രതിരോധത്തിൽ വിട്ടുവീഴ്ചയില്ലാത്ത 4-2-3-1 ഫോർമേഷനിലും ജർമൻ പരിശീലകന്‍ യോക്വിം ലോ 3-4-2-1 ശൈലിയിലുമാവും ടീമിനെ അണിനിരത്തുക. 

കൂടുതല്‍ യൂറോ വാർത്തകള്‍...

വെംബ്ലി ഇളകിമറിയും; യൂറോ പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ട്- ജർമനി സൂപ്പർപോരാട്ടം

റാഷ്ഫോഡ് വരട്ടെ, മൂന്ന് ഡിഫൻസീവ് മിഡ്ഫീൽഡ‍ർമാരും; ഇംഗ്ലണ്ടിന് റൂണിയുടെ ഉപദേശം

യൂറോയില്‍ അട്ടിമറി; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലോക ചാംപ്യന്മാരെ പുറത്തേക്കെറിഞ്ഞ് സ്വിസ് പട ക്വാര്‍ട്ടറില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona