ഹാംബര്‍ഗ്: യൂറോകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ന് വമ്പൻ പോരാട്ടം. മുൻ ചാമ്പ്യൻമാരായ ജർമനിയും ഹോളണ്ടും നേ‍ർക്കുനേർ പോരിനിറങ്ങും.

അടുത്ത വർഷത്തെ യൂറോ കപ്പിൽ സ്ഥാനം ഉറപ്പാക്കാൻ ഹാംബർഗിൽ ഇറങ്ങുമ്പോൾ കടുത്ത സമ്മ‍ർദ്ദത്തിലാണ് 1988ലെ ചാമ്പ്യൻമാരായ ഹോളണ്ട്. രണ്ട് കളിയിൽ ‍ഓരോ ജയവും തോൽവിയുമായി മൂന്ന് പോയിന്‍റുള്ള ഹോളണ്ട് ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനത്താണ്. മൂന്നിൽ മൂന്നും ജയിച്ച് ഒൻപത് പോയിന്റുമായി ജർമനി രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ നാല് കളിയിൽ 12 പോയിന്‍റുള്ള വടക്കൻ അയർലൻഡാണ് ഒന്നാം സ്ഥാനത്ത്. 

ഹോളണ്ടിനെ തോൽപിച്ചാൽ ജർമനി ഗോൾ ശരാശരിയുടെ മികവിൽ മുന്നിലെത്തും. യുവേഫ നേഷൻസ് ലീഗിൽ തിരിച്ചടി നേരിട്ടെങ്കിലും യുറോകപ്പ് യോഗ്യതാ റൗണ്ടിൽ ഫോം വീണ്ടെടുത്തുകഴിഞ്ഞു. മൂന്ന് കളിയിൽ 13 ഗോൾ നേടിയ ജർമനി വഴങ്ങിത് രണ്ടുഗോൾ മാത്രം. റൊണാൾഡ് കൂമാന്‍റെ തന്ത്രങ്ങളുമായി ഇറങ്ങുന്ന ഹോളണ്ടിന് ആദ്യപാദത്തിലേറ്റ തോൽവിക്ക് മറുപടി നൽകാൻകൂടിയുണ്ട്. ആംസ്റ്റർഡാമിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ജ‍ർമനിയുടെ ജയം.

യുവേഫ നേഷൻസ് ലീഗിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. സ്‌‌ട്രൈക്കർ ലിറോയ് സാനെയുടെ കാൽമുട്ടിന് പരുക്കേറ്റതോടെ തിമോ വെർണറുടെ ചുമതല ഇരട്ടിയാവും. നാബ്രി, റേയസ്, ഗോരെസ്‌ക എന്നിവരിൽ ഒരാളാവും സാനെയ്ക്ക് പകരം മുന്നേറ്റനിരയിലെത്തുക. ജൂലിയൻ ഡ്രാക്സ്‍ലറുടെ അഭാവവും ജർമനിക്ക് തിരിച്ചടിയാവും.

യൂറോപ്യൻ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട വിർജിൽ വാൻഡൈക്കും മാത്യാസ് ഡി ലിറ്റും നയിക്കുന്ന പ്രതിരോധ നിരയാണ് ഹോളണ്ടിന്‍റെ കരുത്ത്. ഫ്രെങ്കി ഡുജോംഗ്, ജോർജിനോ വിനാൾഡം, മെംഫിസ് ഡിപേ എന്നിവരുടെ പ്രകടനവും നിർണായകമാവും. 

മറ്റ് മത്സരങ്ങളിൽ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ സ്ലോവാക്യയെയും റഷ്യ സ്‌കോട്‍ലൻഡിനെയും ബൽജിയം സാൻമാരിനോയും നേരിടും. എല്ലാ മത്സരവും രാത്രി പന്ത്രണ്ടേ കാലിനാണ് തുടങ്ങുക. പരുക്കേറ്റ ഹസാർഡ് സഹോദൻമാർ ഇല്ലാതെയാവും ബൽജിയം സാൻമാരിനോയെ നേരിടുക. ഗ്രൂപ്പ് ഐയിൽ നാല് കളിയും ജയിച്ച് 12 പോയിന്‍റുമായി ഒന്നാംസ്ഥാനത്താണ് ബെൽജിയം.