Asianet News MalayalamAsianet News Malayalam

യൂറോ: സ്പെയിനിന് ഇന്ന് ജയിച്ചേ തീരു; എതിരാളികൾ സ്ലൊവാക്യ

തോൽവിയാണെങ്കിൽ 2004ന് ശേഷമാദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിനിന് പുറത്തേക്കുള്ള വഴിയാകും. സമനിലയെങ്കിൽ മറ്റ് മത്സരങ്ങളുടെ ഫലം കാത്തിരിക്കണം.

Euro Spain to Meet Slovakia in do or die encounter
Author
Madrid, First Published Jun 23, 2021, 10:49 AM IST

മാഡ്രിഡ്: യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ ആരൊക്കെ പ്രീക്വാർട്ടർ ഉറപ്പിക്കുമെന്ന് ഇന്നറിയാം. സ്പെയിൻ, സ്ലൊവാക്യയെയും പോളണ്ട്, സ്വീഡനെയും നേരിടും. രാത്രി 9.30നാണ് രണ്ട് കളികളും. നാല് ടീമുകളിൽ നാലു പോയിന്‍റുള്ള സ്വീഡനാണ് മുന്നിൽ. സ്ലൊവാക്യക്ക് മൂന്നും സ്പെയിനിന് രണ്ടും ഒരു സമനില മാത്രമുള്ള പോളണ്ടിന് ഒരു പോയിന്‍റുമാണുള്ളത്.

പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിക്കാൻ ഓരോ മത്സരഫലവും നിർണായകം. രണ്ട് തവണ സമനിലക്കുരുക്കിൽ കുടുങ്ങിയ സ്പെയിനിന് സ്ലൊവാക്യയെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല. തോൽവിയാണെങ്കിൽ 2004ന് ശേഷമാദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിനിന് പുറത്തേക്കുള്ള വഴിയാകും.

Euro Spain to Meet Slovakia in do or die encounterസമനിലയെങ്കിൽ മറ്റ് മത്സരങ്ങളുടെ ഫലം കാത്തിരിക്കണം. സെർജിയോ ബുസ്ക്വറ്റ്സ് തിരിച്ചെത്തുന്നത് മുൻചാമ്പ്യന്മാർക്ക് ആശ്വാസമാകും. ലൂയിസ് എൻറിക്കെയുടെ യുവനിരയ്ക്ക് ​ഗോൾ കണ്ടെത്താനാകുന്നില്ലെന്നതാണ് ഏറ്റവും വലിയ തലവേദന. രണ്ട് കളിയിൽ എതിരാളികളുടെ വലകുലുങ്ങിയത് ഒരേയൊരു തവണ മാത്രം.

പോളണ്ടിനെതിരെ പെനാൽറ്റി കളഞ്ഞെങ്കിലും ജെറാർഡ് മൊറീനോയെ ഒരിക്കൽ കൂടി എൻറിക്കെ വിശ്വസിച്ചേക്കും. മുന്നേറ്റത്തിൽ മാറ്റമുണ്ടായാൽ ഫെറാൻ ടോറസിനും സാധ്യത. സ്ലൊവാക്യയെ എഴുതിത്തള്ളാൻ സ്പെയിനിനാവില്ല. പോളണ്ടിനെ വീഴ്ത്തിയ ആവേശമുണ്ട് അവർക്ക്. സ്വീഡനെതിരെ സ്ലൊവാക്യ തലകുനിച്ചത് ഒരേയൊരു പെനാൽറ്റി ഗോളിലാണെന്നതും കാണണം.

Euro Spain to Meet Slovakia in do or die encounterപരിക്കാണ് സ്ലൊവാക്യക്ക് മറ്റൊരു തിരിച്ചടി. ഇവാൻ ഷ്റാൻസിന് മത്സരം നഷ്ടമായേക്കും. കൊവിഡ് ബാധിതനായ പ്രതിരോധതാരം ഡെനിസ് വാ‍വ്റോ ഐസൊലേഷനിൽ തുടരുകയാണ്. കഴിഞ്ഞ അഞ്ച് കളികളിൽ ഇരു ടീമുകളും തോൽവിയറിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം. പോളണ്ടിനെതിരെ സമനില മതിയാകും സ്വീഡന് അവസാന പതിനാറിലേക്ക് മാർച്ച് ചെയ്യാൻ. സ്വീഡിഷ് നിരയിൽ യുവതാരം അലക്സാണ്ടർ ഇസാക്കിന് വീണ്ടും അവസരമൊരുങ്ങും.

എമിൽ ഫോസ്ബെർഗും മികച്ച ഫോമിൽ. എങ്കിലും സൂപ്പർതാരം ലെവൻഡോവ്സ്കിയുടെ കരുത്തിലെത്തുന്ന പോളണ്ടിനും പ്രതീക്ഷയ്ക്ക് വകയുണ്ട്. മിന്നും ജയമെങ്കിൽ രണ്ടാം സ്ഥാനമോ, മൂന്നാം സ്ഥാനക്കാരിലെ
മികച്ചവനായോ കടമ്പ കടക്കാം പോളണ്ടിന്. ഓരോ മത്സരവും തീ പാറുമെന്നുറപ്പ്.

Follow Us:
Download App:
  • android
  • ios