വെംബ്ലി: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്‌ത്തി ലംപാര്‍ഡിന്‍റെ ചെല്‍സി എഫ്‌എ കപ്പ് ഫൈനലിന്. രണ്ടാം സെമിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചാണ് ചെല്‍സി ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. കലാശപ്പോരില്‍ ആഴ്‌സനലാണ് നീലപ്പടയുടെ എതിരാളികള്‍. 

ആദ്യ പകുതിയുടെ അധിക സമയത്ത് ജിറൂദിലൂടെ അക്കൗണ്ട് തുറന്ന ചെല്‍സി രണ്ടാം പകുതിയുടെ ആദ്യ മിനുറ്റില്‍ മൗണ്ടിലൂടെ ലീഡുയര്‍ത്തി. 74-ാം മിനുറ്റില്‍ മഗ്വൈയറിന്‍റെ ഓണ്‍ ഗോള്‍ ചെല്‍സിക്ക് മൂന്ന് ഗോള്‍ ലീഡ് നല്‍കി. അതേസമയം 85-ാം മിനുറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ പെനാല്‍റ്റിയിലൂടെയായിരുന്നു യുണൈറ്റഡിന്‍റെ ആശ്വാസ ഗോള്‍. ഗോളി ഡേവിഡ് ഡി ഹിയയുടെ മണ്ടത്തരങ്ങളും പരിക്കും യുണൈറ്റഡിന് വിനയാവുകയും ചെയ്തു.  

ആദ്യ സെമിയില്‍ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്താണ് ആഴ്‌സനല്‍ കലാശപ്പോരിന് യോഗ്യത നേടിയത്. എറിക് ഔബയാങ്ങിന്‍റെ ഇരട്ട ഗോളായിരുന്നു ആഴ്‌സനലിന് ജയമൊരുക്കിയത്.