ലണ്ടന്‍: കൊവിഡ് ഇടവേളയ്‌ക്ക് ശേഷം പ്രീമിയര്‍ ലീഗിനൊപ്പം ഇംഗ്ലണ്ടില്‍ എഫ്എ കപ്പും പുനരംഭിക്കുന്നു. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ജൂണ്‍ അവസാനവാരം(27/28) തുടങ്ങാനാണ് നിലവിലെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 18-19 തീയതികളിലാവും സെമി. ഓഗസ്റ്റ് ഒന്നിന് ഫൈനല്‍ നടത്താനാണ് നിലവിലെ തീരുമാനം. 

മത്സരങ്ങളുടെ വേദിയും സമയവും പ്രഖ്യാപിച്ചിട്ടില്ല വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിലാണ് സാധാരണയായി സെമിയും ഫൈനലും നടക്കാറ്. താല്‍ക്കാലിക തീയതികളാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അടുത്ത മാസം 17ന് മത്സരങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. സുരക്ഷ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സങ്ങള്‍ നടത്തുക. ലാലിഗ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ജൂണ്‍ എട്ടിനാണ് ലാ ലിഗയില്‍ വീണ്ടും പന്തുരുളുക. ബുണ്ടസ് ലിഗ മത്സരങ്ങള്‍ രണ്ടാഴ്ച മുമ്പ് ആരംഭിച്ചിരുന്നു.

നിലവില്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി- ആഴ്സനല്‍ മത്സത്തോടെയാണ് പ്രീമിയര്‍ ലീഗ് ആരംഭിക്കുക. ഇതേ ദിവസം നടകുന്ന മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ല ഷെഫീല്‍ഡ് യുനൈറ്റഡിനെ നേരിടും. തുടര്‍ന്ന് മറ്റുമത്സരങ്ങള്‍ വാരാവസാനം നടക്കും. മാര്‍ച്ച് ഒമ്പതിനാണ് പ്രീമിയര്‍ ലീഗില്‍ അവസാനമായി മല്‍സരം നടന്നത്.