ടെഹ്റാന്‍: ചരിത്രത്തിൽ ഇടംപിടിക്കുന്ന ഫുട്ബോൾ മത്സരത്തിന് വേദിയായി ടെഹ്റാനിലെ ആസാദി സ്റ്റേഡിയം. 40 വർഷത്തിന് ശേഷം ആദ്യമായി ഇറാനിയൻ സ്ത്രീകളുടെ ആരവം മൈതാനത്തുയര്‍ന്നു. വൈകിട്ട് ഏഴിനാണ് കളി തുടങ്ങിയത്. 

ഇറാൻ -കംബോഡിയ ലോകകപ്പ് യോഗ്യത മത്സരം കാണാനെത്തിയത് 4600 ഓളം ഇറാനിയൻ സ്ത്രീകളാണ്. കളി കാണാൻ സ്ത്രീകൾക്ക് അനുമതി ലഭിച്ചതിന് പിന്നാലെ ആരംഭിച്ച ടിക്കറ്റ് ബുക്കിങ്ങിൽ മിനിറ്റുകൾക്കകം വിറ്റഴിഞ്ഞത് 3500ടിക്കറ്റുകളാണ്. നാല് പതിറ്റാണ്ടായി പുരുഷാരവം മാത്രം മുഴങ്ങിയിരുന്ന ഇറാനിയൻ ഫുട്ബോൾ മൈതാനങ്ങളിൽ വനിതകളുടെ ആർപ്പുവിളികളും ഉയര്‍ന്നു. 

ഫുട്ബോൾ കാണാൻ സ്ത്രീകൾക്ക് വിലക്കുള്ളതിനാൽ വേഷംമാറി കളി കാണാനെത്തിയ സഹർ ഖൊദയാരി എന്ന നീല ജേഴ്സിക്കാരിയെ പൊലീസ് പിടികൂടിയത് കഴിഞ്ഞ മാസമാണ്. വിചാരണയ്ക്കായി കോടതിയിലെത്തിച്ച സഹർ അവിടെ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. 

ഫുട്ബോളിനെ സ്നേഹിച്ച്, ഒടുവില്‍ സ്വയം തീക്കൊളുത്തിയ ഇറാന്‍റെ 'ബ്ലൂ ഗേള്‍' മരണത്തിനുകീഴടങ്ങി...

വിഷയത്തിൽ ഫിഫ ഇടപെട്ടതോടെ പ്രാകൃതനിയന്ത്രണങ്ങൾ എടുത്തുകളയാൻ ഇറാനിയൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു. നീലപ്പെൺകുട്ടി എന്ന് ലോകം വിശേഷിപ്പിച്ച സഹർ കൊദയാരിയുടെ ജീവത്യാഗം അങ്ങനെ പുതിയചരിത്രത്തിന് നാന്ദി കുറിക്കുന്നതായി. 

കളി കാണാൻ സ്റ്റേഡിയത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷയോർത്തും ആശങ്കകളുണ്ട്. ഇറാനിൽ സ്ത്രീകളും പുരുഷന്മാരും എത്തുന്ന മത്സരങ്ങൾക്കായി പ്രത്യേക സുരക്ഷ പ്രോട്ടോകോളാണ് ഫിഫ ഒരുക്കിയിരിക്കുന്നത്.