സോക്കർ എല്ലാർക്കും ഇഷ്ടമാണ്. സിൽവിയ ഗ്രെക്കോയെക്കാൾ ഇതറിയാവുന്ന ആരുമുണ്ടാവില്ല ഈ ലോകത്ത്. ആരാണ് സിൽവിയ ഗ്രെക്കോ എന്നോ ? ഇക്കൊല്ലത്തെ ഫിഫയുടെ ബെസ്റ്റ് ഫാൻ അവാർഡ് സിൽവിയക്കും മോൻ നിക്കോളാസിനുമാണ്. 

മാസം തികയും മുമ്പേ സിൽവിയ പെറ്റിട്ട മകനാണ് നിക്കോളാസ്. അരക്കിലോ ആയിരുന്നു കുഞ്ഞു നിക്കോളാസിന്റെ ഭാരം. അസുഖങ്ങളുടെ ഒരു കൂടായിട്ടാണ് അവൻ ഈ ഭൂമിയിലേക്ക് വന്നത്. വേണ്ടത്ര വളർച്ചയെത്തും മുമ്പുതന്നെ  അമ്മയുടെ ഗർഭപാത്രത്തിന്റെ ചൂടുവിട്ടിറങ്ങേണ്ടി വന്നതിന്റെ പേരിൽ അവന് ഏറെ പരാധീനതകളുണ്ട്. അതിൽ ഏറ്റവും വലുത് അവൻ അന്ധനായാണ് പിറന്നുവീണത് എന്നതാണ്. അവന്റെ റെറ്റിന വളർന്നിട്ടില്ലായിരുന്നു. അന്ധതയ്ക്കു പുറമെ നേരിയ ഒരു ഓട്ടിസം സ്പെക്ട്രം ഡിസോർഡറും നിക്കോളാസിനുണ്ട്. 

മറ്റുള്ള സാവോപോളോക്കാരെപ്പോലെ നിക്കോളാസിന്റെ അമ്മ സിൽവിയയും ശ്വസിക്കുന്നത്  സോക്കറാണ്.   കുഞ്ഞു നിക്കോളാസിനെ പിച്ചവെക്കാൻ, ഈ ലോകത്ത് മനസ്സുറപ്പിക്കാൻ പഠിപ്പിക്കാൻ സിൽവിയ ഏറെ പണിപ്പെട്ടു. അതിന് അവളെ സഹായിച്ച ഘടകങ്ങളിൽ ഒന്ന് ഫുടബോളിനോടുള്ള അദമ്യമായ പ്രണയമാണ്. സാവോപോളോയിലെ ക്ലബ്ബായ പാൽമിറാസിന്റെ കടുത്ത ആരാധികയാണ് സിൽവിയ. ഇന്ന് അമ്മയെയും മകനെയും ചേർത്തുപിടിക്കുന്ന പല ബന്ധങ്ങളിൽ ഒന്ന് ഇരുവരുടെയും സോക്കർ പ്രേമവുമാണ്. 

 

വീട്ടിൽ ഒറ്റയ്ക്കാക്കിപ്പോരാൻ പറ്റാത്തത് കൊണ്ട് സിൽവിയ സ്റ്റേഡിയത്തിലേക്ക് നിക്കോളാസിനെയും കൂട്ടും. ആദ്യമൊന്നും നിക്കോളാസിന് കാല്പന്തുകളി ഇഷ്ടമേയല്ലായിരുന്നു. അത് കണ്ടറിഞ്ഞ് സിൽവിയ അവനൊരു റേഡിയോ വാങ്ങി നൽകിയിരുന്നു. റേഡിയോയുടെ ഹെഡ് സെറ്റ് ചെവിയിൽ വച്ച് അവൻ കളിതീരും വരെ ശാന്തനായി പാട്ടും കേട്ട് സിൽവിയയ്ക്കൊപ്പം ഇരിക്കുമായിരുന്നു ഗാലറിയിൽ. എന്നാൽ, ഇടയ്ക്കിടെ തന്റെ ഹെഡ് സെറ്റ് നീക്കി കാണികളുടെ ആരവങ്ങൾക്ക് നിക്കോളാസ് കാതോർക്കുന്നുണ്ട് എന്ന് സിൽവിയ ഒരു ദിവസം തിരിച്ചറിഞ്ഞു. അതോടെ അവളുടെ ഹൃദയമിടിപ്പുകൾക്ക് വേഗം കൂടി. തന്നെപ്പോലെ ഒരു സോക്കർ പ്രേമിയാണോ തന്റെ മകനും  ? അതിന്റെ ഉത്തരമറിയാൻ അവളുടെ മനസ്സുവെമ്പി. എന്തായാലും ഒരു പരീക്ഷണം നടത്താൻ സിൽവിയ ഉറച്ചു. 

അടുത്ത തവണ പാൽമിറാസിന്റെ മത്സരം കാണാൻ പോയപ്പോൾ സിൽവിയ തൊട്ടടുത്തിരുന്ന നിക്കോളാസിന്റെ കാതിൽ മത്സരത്തിന്റെ ദൃക്‌സാക്ഷി വിവരണം നടത്തി. അത് അവൻ ആസ്വദിക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി. സ്വന്തം ടീം  ഗോളടിക്കുമ്പോൾ നിക്കോളാസ് ഇരുന്നിടത്തു നിന്ന് ചാടിയെണീറ്റ് തുള്ളിച്ചാടുന്നത് സിൽവിയ നിർന്നിമേഷയായി നോക്കി നിന്നു. 

മകന് വിവരിച്ചുനൽകാൻ വേണ്ടി സിൽവിയ ടീമിനെപ്പറ്റി ഗവേഷണങ്ങൾ നടത്തി. ഓരോ കളിക്കാരന്റെയും ശരീരപ്രകൃതി വിശദമായി മനസ്സിലാക്കി. ഓരോ സൂക്ഷ്മാംശങ്ങളും മകന് വർണ്ണിച്ചുനൽകി. കളിക്കാരന്റെ ഹെയർ സ്റ്റൈൽ, മുടിയുടെ നിറം, അതിലടിച്ചിരിക്കുന്ന ഡൈയുടെ കളർ, ധരിച്ചിരിക്കുന്ന ബൂട്ടിന്റെ, സോക്സിന്റെ ഒക്കെ നിറം,  കളി നടക്കുന്ന ഗ്രൗണ്ടിന്റെയും ഗാലറിയുടെയും കാണികളുടെയും മറ്റും വിവരങ്ങൾ അങ്ങനെ ഒന്നും വിടാതെ വിവരിക്കും അമ്മ. ഗോൾ വീഴുന്ന ആ നിമിഷം വർണ്ണിക്കുന്നതാണ് സിൽവിയ ഏറ്റവും ആസ്വദിക്കുന്ന നിമിഷം. 

ഇന്ന് നിക്കോളാസ് ഫിഫയുടെ 'ബെസ്റ്റ് ഫാൻ ഓഫ് ദി ഇയർ' ആണ്. അങ്ങനെ ചുമ്മാ ആയതൊന്നുമല്ല. സ്വന്തം ടീമിനെപ്പറ്റിയും, സോക്കറിനെപ്പറ്റിയും ഉള്ള എല്ലാ വിവരങ്ങളും നിക്കോളാസിന് മനഃപാഠമാണ്. ഒക്കെ അമ്മ സില്വിയയുടെ മനസ്സിരുത്തിയുള്ള പരിശ്രമങ്ങളുടെ ഫലമാണ്. " സ്റ്റേഡിയത്തിൽ എത്തിയാൽ നിക്കോളാസ് മറ്റൊരാളാണ്. ഗ്രൗണ്ടിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ഇരിക്കുന്ന അവൻ കളിയിലെ ഓരോ ചലനങ്ങൾക്കും ഒപ്പിച്ച് പ്രതികരിക്കും. ചാടിയെഴുന്നേൽക്കും, തുള്ളിച്ചാടും, ആരവമുയർത്തും. അവന്റെ കണ്ണുകൾ ഞാനാണ് എന്നൊരു വ്യത്യാസം മാത്രമാണ് അവനും മറ്റു കാണികൾക്കുമിടയിലുള്ളത്.  എനിക്ക് തോന്നുന്നത് അപ്പടി ഞാൻ അവനിലേക്ക് പകരും.." സിൽവിയ പറഞ്ഞു. 

അന്ധതയുടെയും ഓട്ടിസത്തിന്റെയും പരിമിതികൾ കാരണം ഇടുങ്ങിപ്പോയിരുന്ന അവന്റെ മനസ്സിന്റെ ഇടനാഴികൾ വിശാലമാക്കുകയാണ് അമ്മ പകർന്നു നൽകിയ ഫുട്ബോൾ ലഹരി ചെയ്തിരിക്കുന്നത്. ഇപ്പോൾ അവന് സ്റ്റേഡിയങ്ങളിൽ നിന്നും മറ്റും പരിചയപ്പെട്ട നിരവധി സ്നേഹിതരുണ്ട്. അവരോട് സംസാരിക്കാൻ നിക്കോളാസിന് ഫുട്ബാൾ വിശേഷങ്ങളുണ്ട്. 

" ലോകത്തിലേക്കും വെച്ച് ഏറ്റവും മിടുക്കനായ കുട്ടിയാണ് എന്റെ കുഞ്ഞു നിക്കോളാസ്. അവന്റെ അമ്മയാവാൻ കഴിഞ്ഞു എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.." സിൽവിയ പറഞ്ഞു.