കഴിഞ്ഞതവണ മികച്ച ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച് അന്തിമ പട്ടികയിലില്ല.
സൂറിച്ച്: ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരത്തെ തെരഞ്ഞെടുക്കാനുള്ള ഫിഫയുടെ അന്തിമ പട്ടികയായി. 10 താരങ്ങളാണ് പട്ടികയിലുള്ളത്. അഞ്ച് തവണ വീതം പുരസ്കാരം നേടിയിട്ടുള്ള ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇത്തവണയും പട്ടികയിലുണ്ട്.
എന്നാല്‍ കഴിഞ്ഞതവണ മികച്ച ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച് അന്തിമ പട്ടികയിലില്ല. ഹോളണ്ടില്‍ നിന്നുള്ള മൂന്ന് കളിക്കാര്‍ ഇത്തവണ അന്തിമ പത്തില്‍ ഇടം നേടിയെന്നതും ശ്രദ്ധേയമായി. ലിവര്‍പൂള്‍ പ്രതിരോധനിര താരം വിര്‍ജില്‍ വാന്‍ ഡെയ്ക്, യുവന്റ്സ് താരം മാത്തിസ് ഡി ലിറ്റ്, ബാഴ്സയുടെ ഫ്രാങ്ക് ഡി യോംഗ് എന്നിവരാണ് ഹോളണ്ടില്‍ നിന്നുള്ള താരങ്ങള്‍.
ഏഡന്‍ ഹസാര്‍ഡ്, ഹാരി കെയ്ന്‍, സാദിയോ മാനെ, കിലിയന്‍ എംബാപ്പെ, മുഹമ്മദ് സലാ, എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍. ഫിഫ വെബ്സൈറ്റിലൂടെ ആരാധകര്‍ക്ക് ഇഷ്ടതാരങ്ങള്‍ക്കായി വോട്ട് ചെയ്യാം.
