ലോകകപ്പ് വാണിജ്യ അവകാശങ്ങളുടെ ഒരു ഓഹരി വില്‍ക്കാനുള്ള പദ്ധതി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണ തേടുകയും, മാര്‍ക്കോ റുബിയോയുമായി ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ന്യൂയോര്‍ക്ക്: വേള്‍ഡ് കപ്പ് വാണിജ്യ അവകാശങ്ങളുടെ ഒരു ഓഹരി വില്‍ക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടുകയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. എന്നാലിപ്പോള്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണ തേടിയിരിക്കുകയാണ് അദ്ദേഹം. പദ്ധതി പരാജയപ്പെട്ടത് മുതല്‍ ട്രംപുമായി ഫോണില്‍ ബന്ധപ്പെടാന്‍ ഇന്‍ഫന്റിനോ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായും, തുടര്‍ച്ചയായ മാധ്യമ വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ക്കോ റുബിയോയുമായി ചര്‍ച്ചയ്ക്ക് സാധ്യത
തുടര്‍ച്ചയായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍, യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയുമായി ഇന്‍ഫന്റിനോ സ്വകാര്യ ചര്‍ച്ചകള്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് വിവരമുള്ള ഉറവിടങ്ങള്‍ വ്യക്തമാക്കി. അമേരിക്കയുടെ ഉന്നത നയതന്ത്രജ്ഞനുമായി ഫിഫ മേധാവി ഫോണ്‍ സംഭാഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫ ടൂര്‍ണമെന്റുകളുടെ ചുമതലയുള്ള പുതിയ സ്ഥാപനത്തില്‍, സ്വകാര്യ നിക്ഷേപകര്‍ക്ക് 20 ശതമാനത്തോളം ഓഹരി വില്‍ക്കാനുള്ള 4.2 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഫിഫ കഴിഞ്ഞ വെള്ളിയാഴ്ച ഉപേക്ഷിച്ചത്.
പദ്ധതി പരാജയപ്പെട്ടതോടെ, 56 കാരനായ ഇന്‍ഫന്റിനോയുടെ ഭാവി ചോദ്യം ചെയ്യപ്പെടുകയാണ്. 2027 മുതല്‍ 2031 വരെയുള്ള അടുത്ത കാലാവേലയിലേക്കുള്ള അദ്ദേഹത്തിന്റെ പുനര്‍തിരഞ്ഞെടുപ്പ് മോഹങ്ങള്‍ക്ക് ഈ വിവാദം കനത്ത തിരിച്ചടിയായിട്ടുണ്ട്. സംഭവത്തില്‍ ഫിഫ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

