അര്‍ഹിച്ച വിജയം, പൊരുതി നേടിയ ജയം, ഇത് അറേബ്യന്‍ നാടിന്‍റെ വിജയം. ഞങ്ങളെ സന്തോഷിപ്പിച്ചതിന് സൗദി ദേശീയ ടീമിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ പ്രസ്താവന. 

ദുബായ്: ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്‍റീനക്കെതിരെ സൗദി അറേബ്യ നേടിയ അട്ടിമറി വിജയത്തെ പ്രകീര്‍ത്തിച്ച് ദുബായ് ഭരണാദികരിയും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം. ടൂര്‍ണമെന്‍റിലെ ഫേവറൈറ്റുകളായ അര്‍ജന്‍റീനയെ അട്ടിമറിച്ച സൗദിയുടെ വിജയം അര്‍ഹിച്ചതാണെന്നും അറേബ്യന്‍ നാടിന്‍റെ സന്തോഷമാണിതെന്നും ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം പറഞ്ഞു.

അര്‍ഹിച്ച വിജയം, പൊരുതി നേടിയ ജയം, ഇത് അറേബ്യന്‍ നാടിന്‍റെ വിജയം. ഞങ്ങളെ സന്തോഷിപ്പിച്ചതിന് സൗദി ദേശീയ ടീമിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ പ്രസ്താവന.

ദുബായ് കിരീട അവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹമ്ദാന്‍ ബിന്‍ മൊഹമ്മദ് റാഷിദ് അല്‍ മഖ്തൂമും സൗദിയുടെ അട്ടിമറി വിജയത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. അല്‍ അക്ഥറിന് അഭിനന്ദനങ്ങള്‍, അഭിനന്ദനങ്ങള്‍ സൗദി അറേബ്യ, അഭിനന്ദനങ്ങള്‍ എല്ലാ അറബികള്‍ക്കും എന്നായിരുന്നു ഹമ്ദാന്‍ ബിന്‍ മൊഹമ്മദിന്‍റെ ട്വീറ്റ്.

Scroll to load tweet…

ലോകകപ്പ് ഫുട്ബോളില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ അര്‍ജന്‍റീനയെ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് സൗദി അട്ടിമറിച്ചത്. പത്താം മിനിറ്റില്‍ ലിയോണല്‍ മെസിയുടെ പെനല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീനയെ 48ാം മിനിറ്റില്‍ സാലെഹ് അല്‍ഷെഹ്‌രിയിലൂടെ സൗദി ഒപ്പം പിടിച്ചു.

സൗദി ദേശീയ പതാക കഴുത്തലണിഞ്ഞ് അര്‍ജന്‍റീനക്കെതിരെ സൗദിയെ പിന്തുണച്ച് ഖത്തര്‍ അമീര്‍

സമനില ഗോളിന്‍രെ ആവേശത്തില്‍ അലമാലപോലെ ആക്രമിച്ചു കയറിയ സൗദി അര്‍ജന്‍റീന പ്രതിരോധത്തെ കാഴ്ചക്കാരാക്കി സാലേം അല്‍ദ്വസാരി അര്‍ജന്‍റീനയുടെ ഹൃദയം തുളച്ച് രണ്ടാം ഗോളും നേടി. പിന്നീട് പകുതി സമയം കളി ബാക്കിയുണ്ടായിരുന്നെങ്കിലും മുന്നേറാന്‍ ശ്രമിച്ച അര്‍ജന്‍റീന താരങ്ങളെ ശാരീരികമായും തന്ത്രപരമായും നേരിട്ട് സൗദി ഒടുവില്‍ ചരിത്രജയവുമായി ഗ്രൗണ്ട് വിട്ടു.