Asianet News MalayalamAsianet News Malayalam

ഡാനിഷ് കോട്ടയില്‍ തുടരെ ഫ്രഞ്ച് ആക്രമണങ്ങള്‍, പിടിച്ച് നിന്ന് ഡെന്‍മാര്‍ക്ക്, ആദ്യ പകുതി ഗോള്‍രഹിതം

20-ാം മിനിറ്റില്‍ ഗ്രീസ്മാന്‍റെ ത്രൂ ബോളിലേക്ക് എംബാപ്പെ കുതിച്ചെത്തിയപ്പോള്‍ ക്രിസ്റ്റ്യന്‍സന് ഫൗള്‍ ചെയ്യുകയല്ലാതെ മറ്റ് നിവൃത്തിയില്ലായിരുന്നു. റഫറി ഡാനിഷ് ഡിഫന്‍ഡര്‍ക്ക് മഞ്ഞക്കാര്‍ഡ് നല്‍കി

fifa world cup 2022 france vs denmark first half time report
Author
First Published Nov 26, 2022, 10:19 PM IST

ദോഹ: പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍ ലോകകപ്പിലെ രണ്ടാം മത്സരത്തിനിറങ്ങിയ ഫ്രാന്‍സിനെ ആദ്യ പകുതിയില്‍ സമനിലയില്‍ തളച്ചിട്ട് ഡെന്‍മാര്‍ക്ക്. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫ്രഞ്ച് പടയ്ക്ക് ആദ്യ പകുതിയില്‍ ഡെന്‍മാര്‍ക്കിന്‍റെ വലകുലുക്കാനായില്ല. ഡെന്‍മാര്‍ക്കിന്‍റെ അതിവേഗ ആക്രമണങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ കെട്ടുക്കെട്ടിച്ചതിന്‍റെ എല്ലാ ആവേശവും ഡെന്‍മാര്‍ക്ക് കളത്തില്‍ പുറത്തെടുത്തു.

ഇതോടെ കളിയുടെ വേഗം കുറച്ച് പാസിംഗിലൂടെ പന്ത് കൂടുതല്‍ സമയം കൈവശം വയ്ക്കാന്‍ ഫ്രാന്‍സ് ആരംഭിച്ചു. എംബാപ്പെയിലൂടെയും ഡെംബെലയിലൂടെയും ഇരു വിംഗിലൂടെയും ആക്രമണങ്ങളും നടത്തി. കൃത്യമായ പൊസിഷന്‍ ഉറപ്പാക്കി ഫ്രാന്‍സിന്‍റെ പിഴവുകള്‍ മുതലാക്കി കൗണ്ടര്‍ അറ്റാക്ക് നടത്തുക എന്ന തന്ത്രമായിരുന്നു ഡെന്‍മാര്‍ക്കിന്‍റേത്. 10-ാം മിനിറ്റില്‍ തിയോ ഇടതു വിംഗില്‍ നിന്ന് ജുറൂദിനെ ലക്ഷ്യമാക്കി നല്‍കിയ ക്രോസ് അപകടം വിതയ്ക്കുമെന്ന് തോന്നിയെങ്കിലും ഡെന്‍മാര്‍ക്ക് രക്ഷപ്പെട്ടു.

20-ാം മിനിറ്റില്‍ ഗ്രീസ്മാന്‍റെ ത്രൂ ബോളിലേക്ക് എംബാപ്പെ കുതിച്ചെത്തിയപ്പോള്‍ ക്രിസ്റ്റ്യന്‍സന് ഫൗള്‍ ചെയ്യുകയല്ലാതെ മറ്റ് നിവൃത്തിയില്ലായിരുന്നു. റഫറി ഡാനിഷ് ഡിഫന്‍ഡര്‍ക്ക് മഞ്ഞക്കാര്‍ഡ് നല്‍കി. ഈ ഫൗളിന് ലഭിച്ച ഫ്രീകിക്ക് ഗ്രീസ്മാന്‍ വലതു വിംഗില്‍ നിന്ന് ഡെംബലയിലേക്കാണ് നല്‍കിയത്. അളന്നു മുറിച്ച ബാര്‍സ താരത്തിന്‍റെ ക്രോസിലേക്ക് കൃത്യമായി റാബിയേട്ട് തലവെച്ചു. കാസ്പര്‍ ഷ്മൈക്കല്‍ ഒരുവിധം അത് കുത്തിയകറ്റിയതോടെ ഡാനിഷ് നിര ആശ്വസിച്ചു. ഫ്രഞ്ച് പട താളം കണ്ടെത്തിയതോടെ ഡെന്‍മാന്‍ക്ക് പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞു.

ലോക ചാമ്പ്യന്മാര്‍ക്ക് ചേര്‍ന്ന പ്രകടനം തന്നെയാണ് ഫ്രഞ്ച് നിര പുറത്തെടുത്തത്. ഡാനിഷ് ഗോള്‍മുഖം പല ഘട്ടത്തിലും വിറകൊണ്ടെങ്കിലും ഷ്മൈക്കലിന്‍റെ അനുഭവസമ്പത്ത് രക്ഷയാവുകയായിരുന്നു. 33-ാം മിനിറ്റില്‍ വിഷമകരമായ ആംഗിളില്‍ നിന്നുള്ള ഗ്രീസ്മാന്‍റെ ഷോട്ട് ഫ്രഞ്ച് ക്ലബ്ബ് നൈസിന്‍റെ താരമായ ഷ്മൈക്കല്‍ കാല് കൊണ്ട് രക്ഷിച്ചു. തൊട്ട് പിന്നാലെ ഡെന്‍മാന്‍ക്കിന്‍റെ ഒരു കൗണ്ടര്‍ ഫ്രാന്‍സ് പ്രതിരോധത്തെ ഒന്ന് ആടിയുലച്ചു.

എന്നാല്‍, കോര്‍ണേലിയസിന്‍റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 40-ാം മിനിറ്റില്‍ ഡെംബലെയുടെ ലോ ക്രോസ് ബോക്സിന് നടുവില്‍ ആരും മാര്‍ക്ക് ചെയ്യാതിരുന്ന എംബാപെയ്ക്ക് ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് ക്രോസ് ബാറിന് ഏറെ മുകളിലൂടെ പറന്നു. ആദ്യ പകുതിയില്‍ ഫ്രാന്‍സ് തന്നെയായിരുന്നു കളത്തില്‍ നിറഞ്ഞുനിന്നത്. പലപ്പോഴും ഗോള്‍ പിറക്കാതിരുന്നത് ഡെന്‍മാര്‍ക്കിന്‍റെ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.

ഓസ്ട്രേലിയക്കെതിരെ ഇറങ്ങിയ ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഫ്രാന്‍സ് കളത്തിലിറങ്ങിയത്. പരിക്ക് മാറി വരാനെ വന്നതോടെ സ്ഥാനം നഷ്ടമായത് കൊനാറ്റെയ്ക്കാണ്. പവാര്‍ഡിന് പകരം ജൂലിയസ് കൂണ്ടെ എന്നിയപ്പോള്‍ ലൂക്കാസ് ഹെര്‍ണാണ്ടസിന് പകിരം തിയോ ഹെര്‍ണാണ്ടസും എത്തി. ടുണീഷ്യക്കെതിരെ സമനില വഴങ്ങിയ മത്സരത്തില്‍ നിന്ന് നാല് മാറ്റങ്ങള്‍ ഡെന്‍മാര്‍ക്കും വരുത്തി.

Follow Us:
Download App:
  • android
  • ios