സ്പെയിന്‍ ബാലികേറാമല; ജർമനി ഇന്ന് ഭയക്കണം
വമ്പൻ വേദികളിൽ ജർമനിയുടെ വഴി മുടക്കികളാണ് സ്പെയിന്‍. 1988ന് ശേഷം ജർമനി ഒരിക്കൽ പോലും സ്പെയിനിനോട് ജയിച്ചിട്ടില്ല.

ദോഹ: ഖത്തർ ലോകകപ്പിൽ ഇന്ന് മുൻ ചാമ്പ്യൻമാരുടെ വമ്പൻ പോരാട്ടം. ജർമനി രാത്രി പന്ത്രണ്ടരയ്ക്ക് സ്പെയിനെ നേരിടും. ആദ്യ കളി തോറ്റ ജർമനിക്ക് ജീവൻമരണ പോരാട്ടമാണിത്. രണ്ടാം ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിക്കാനാണ് സ്പെയിന്‍ ഇറങ്ങുക. ജപ്പാൻ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് കോസ്റ്റാറിക്കയെയും ബെൽജിയം വൈകിട്ട് ആറരയ്ക്ക് മൊറോക്കോയെയും ക്രൊയേഷ്യ രാത്രി ഒൻപതരയ്ക്ക് കാനഡയെയും നേരിടും. ഇന്ന് ജയിച്ചാൽ ബെൽജിയത്തിനും ജപ്പാനും നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറാം.
സ്പെയിനെ പേടിക്കണം
വമ്പൻ വേദികളിൽ ജർമനിയുടെ വഴി മുടക്കികളാണ് സ്പെയിന്‍. 1988ന് ശേഷം ജർമനി ഒരിക്കൽ പോലും സ്പെയിനിനോട് ജയിച്ചിട്ടില്ല. ഇക്കുറി ലോകകപ്പില്‍ ജപ്പാനോട് തോറ്റ് തുടങ്ങിയ ജർമനി മരണമുഖത്താണ്. ജയത്തിൽ കുറഞ്ഞതൊന്നും മുൻ ചാമ്പ്യന്മാരെ രക്ഷിക്കില്ല. രണ്ടാം പോരിന് ഇറങ്ങുമ്പോൾ ജർമനിക്ക് മുന്നിലുള്ളത് യുവത്വത്തിന്‍റെ ചോരത്തിളപ്പുള്ള സ്പെയിൻ. കണക്കും ചരിത്രവും നോക്കുമ്പോൾ ജർമനി പേടിക്കണം. അതും നന്നായി തന്നെ. രണ്ടു പതിറ്റാണ്ടായി ജർമനിക്ക് ബാലികേറാമലയാണ് സ്പെയിൻ. 1988 ലെ യൂറോ കപ്പിൽ മുഖാമുഖം വന്നപ്പോഴാണ് ജർമനി ഒടുവിൽ സ്പാനിഷ് വെല്ലുവിളി അതിജീവിച്ചത്.
പിന്നീട് നാലുതവണ ഏറ്റുമുട്ടി. മൂന്നിലും തോറ്റു. ഒറ്റ സമനിലയാണ് ആശ്വസിക്കാനുള്ളത്. രണ്ട് വർഷം മുമ്പ് നേഷൻസ് ലീഗിൽ സ്പെയിൻ ജർമനിയുടെ കഥ കഴിച്ചത് എതിരില്ലാത്ത ആറ് ഗോളിനായിരുന്നു. ആ നടുക്കത്തിൽ മുക്തരായില്ലെങ്കിലും ജർമനിക്ക് ഇത്തവണയും ആദ്യ റൗണ്ടിൽ തന്നെ നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഖത്തറിലെ ആദ്യ മത്സരത്തില്‍ ഏഷ്യന്‍ ശക്തിയായ ജപ്പാന്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ജർമനിയെ അട്ടിമറിക്കുകയായിരുന്നു. ഗുണ്ടോഗനാണ് ജർമനിക്കായി ഗോള്‍ കണ്ടെത്തിയത്.
മെസിയുടെ ഗോള്‍ നേരില്‍ കണ്ടു; ലുസൈലിലെ ഗ്യാലറിയില്‍ ആവേശത്തിരയായി സല്‍മാന്‍ കുറ്റിക്കോട്