Asianet News MalayalamAsianet News Malayalam

മെസിയുടെ പെനാല്‍റ്റി കോട്ട കെട്ടി തടുത്ത് പോളിഷ് ഗോളി; ആദ്യപകുതി ഗോള്‍രഹിതം

സാക്ഷാല്‍ മിശിഹാ എടുത്ത പെനാല്‍റ്റി സ്റ്റെന്‍സിയുടെ മികവിന് മുന്നില്‍ ഒന്നുമല്ലാണ്ടായി

FIFA World Cup 2022 Group C Poland vs Argentina halftime report Messi missed penalty
Author
First Published Dec 1, 2022, 1:19 AM IST

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് സിയിലെ ജീവന്‍മരണ പോരാട്ടത്തില്‍ അര്‍ജന്‍റീനയുടെ തുടര്‍ മിന്നലാക്രമണങ്ങളെ ആദ്യപകുതിയില്‍ തളച്ച് പോളണ്ട്. ഇരു ടീമുകളും ഗോള്‍ നേടിയില്ല. ലിയോണല്‍ മെസിയുടെ പെനാല്‍റ്റി കിക്ക് തടുത്ത് ആദ്യപകുതിയില്‍ പോളിഷ് ഗോളി സ്റ്റെന്‍സി താരമായി. ഇതടക്കം ഏഴ് സേവുകളാണ് സ്റ്റെന്‍സിയുടെ കൈകളില്‍ നിന്ന് 45 മിനുറ്റുകളിലും മൂന്ന് മിനുറ്റ് അധികസമയത്തുമുണ്ടായത്. 66 ശതമാനം ബോള്‍ പൊസിഷന്‍ അര്‍ജന്‍റീനയെ മുതലാക്കാന്‍ സ്റ്റെന്‍സി അനുവദിച്ചില്ല. 

നാല് മാറ്റങ്ങളുമായി അര്‍ജന്‍റീന

സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ നാലു മാറ്റങ്ങളുമായാണ് അര്‍ജന്‍റീന കളത്തിറങ്ങിയത്. മെക്‌സിക്കോയ്‌ക്കെതിരെ പകരക്കാരനായി എത്തി ഗോളടിച്ച എന്‍സോ ഫെര്‍ണാണ്ടസ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. ആദ്യ രണ്ട് കളികളില്‍ നിറം മങ്ങിയ ലൗറ്റാരോ മാര്‍ട്ടിനെസിന് പകരം മാഞ്ചസ്റ്റര്‍ സിറ്റി താരം ജൂലിയന്‍ അല്‍വാരെസ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. ക്രിസ്റ്റ്യന്‍ റൊമേറോ സെന്‍റര്‍ ബാക്ക് സ്ഥാനത്ത് സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ നിക്കോളാസ് ഒട്ടമെന്‍ഡി ടീമില്‍ ഇടം നേടി. ലെഫ്റ്റ് ബാക്കായി മാര്‍ക്കോസ് അക്യുനയും റൈറ്റ് ബാക്കായി നാഹ്യുവല്‍ മൊളീനയുമെത്തി.

4-3-3-ശൈലിയിലാണ് അര്‍ജന്‍റീന ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. അര്‍ജന്‍റീനയുടെ ആക്രമണവും പോളണ്ടിന്‍റെ പ്രതിരോധവുമാകും ഇന്നത്തെ മത്സരത്തിന്‍റെ ഗതി നിര്‍ണയിക്കുക. പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന 4-4-1-1 ശൈലിയിലാണ് പോളണ്ട് ടീം. കഴിഞ്ഞ പതിനൊന്ന് മത്സരങ്ങളില്‍ പോളണ്ട് ഒരേയൊരു ഗോള്‍ മാത്രമാണ് വഴങ്ങിയതെന്നത് അവരുടെ പ്രതിരോധത്തിന്‍റെ കരുത്ത് വ്യക്തമാക്കുന്നു. ഇത് തന്നെയായിരുന്നു മത്സരത്തിന്‍റെ ആദ്യപകുതിയിലും കണ്ടത്. 

ആക്രമണം അര്‍ജന്‍റീന

അര്‍ജന്‍റീനയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. എന്നാല്‍ ഉയരക്കാരായ പോളിഷ് പ്രതിരോധം വിലങ്ങുതടിയായി. രണ്ടാം മിനുറ്റില്‍ ലിയോണല്‍ മെസിയെടുത്ത കോര്‍ണ‍ര്‍ പ്രതിരോധം മറികടക്കാന്‍ കഴിയാതെ പോയി. ഏഴാം മിനുറ്റില്‍ മെസിയുടെ ഷോട്ട് ഗോളി സ്റ്റെന്‍സി അനായാസമായി പിടികൂടി. 11-ാം മിനുറ്റില്‍ മെസിയുടെ മറ്റൊരു ഷോട്ട് കൂടി ഗോളിയില്‍ അസ്തമിച്ചു. 17-ാം മിനുറ്റില്‍ അക്യുനയുടെ ഷോട്ട് ബാറിന് മുകളിലൂടെ പാറി. 19-ാം മിനുറ്റില്‍ അക്യുനയുടെ മറ്റൊരു ശ്രമം ഗോളി തടുത്തു. 22-ാം മിനുറ്റില്‍ പോളണ്ടിന് ലഭിച്ച കോ‍ര്‍ണര്‍ കിക്കും വലയുടെ പരിസരത്തേക്കേ വന്നില്ല. 28-ാം മിനുറ്റില്‍ അക്യുനയുടെ മിന്നല്‍പ്പിണ‍ര്‍ പോസ്റ്റിനെ ഉരുമി കടന്നുപോയി. 32-ാം മിനുറ്റില്‍ ഡി മരിയയുടെ മഴവില്‍ കോര്‍ണര്‍ സ്റ്റെന്‍സി പറന്ന് തട്ടിയകറ്റിയത് ആകര്‍ഷകമായി. 

പെനാല്‍റ്റി തുലച്ച് മെസി 

36-ാം മിനുറ്റില്‍ അല്‍വാരസിന്‍റെ മിന്നലും സ്റ്റെന്‍സി തട്ടിയകറ്റി. 38-ാം മിനുറ്റില്‍ സ്റ്റെന്‍സി, മെസിയെ ഫൗള്‍ ചെയ്തെന്ന് കണ്ടെത്തി വാര്‍ പെനാല്‍റ്റി അനുവദിച്ചു. സാക്ഷാല്‍ മിശിഹാ എടുത്ത പെനാല്‍റ്റി സ്റ്റെന്‍സിയുടെ മികവിന് മുന്നില്‍ ഒന്നുമല്ലാണ്ടായി. പിന്നാലെയും അര്‍ജന്‍റീനന്‍ താരങ്ങള്‍ ആക്രമണങ്ങള്‍ നടത്തിയെങ്കിലും പോളിഷ് ഗോളിയെ മറികടക്കാന്‍ കഴിയാതെപോയി. 

Follow Us:
Download App:
  • android
  • ios