സാധാരണയായി മന്ത്രി ശിവന്‍കുട്ടിയുടെ പോസ്റ്റുകള്‍ക്ക് അപ്പോള്‍ തന്നെ മറുപടി പറയാറുള്ള സിപിഎം നേതാവ് എം എം മണിയും ഇതുവരെ നിശബ്ദനാണ്. അര്‍ജന്‍റീനയുടെ തോല്‍വിയാണോ മണിയാശാനെ മൗനത്തിലാഴ്ത്തിയതെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം.
തിരുവനന്തപുരം: ഫുട്ബോള്‍ ലോകകപ്പിന്‍റെ കിക്കോഫിന് മുമ്പെ സമൂഹമാധ്യമങ്ങളില്‍ ഗോളടിച്ചു തുടങ്ങിയതാണ് രാഷ്ട്രീയ കേരളം. ഇപ്പോഴിതാ നാളെ പുലര്‍ച്ചെ 12.30ന് നടക്കുന്ന ബ്രസീല്‍-സെര്‍ബിയ മത്സരത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി.'അര'യൊന്നുമല്ല ഇത് മുഴുവനാ.. അപ്പോൾ രാത്രി ബ്രസീലിന്‍റെ കളി കാണാം എന്ന അടിക്കുറിപ്പോടെയാണ് ബ്രസീല്‍ ടീമിന്‍റെ ചിത്രം ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
അര്‍ജന്‍റീന ആരാധകരെ ബ്രസീല്‍ ആരാധകര്‍ കളിയാക്കിവിളിക്കുന്ന 'അര'യെന്ന വാക്കുപയോഗിച്ചാണ് ശിവന്‍കുട്ടിയുടെ ആശംസ എന്നതാണ് ശ്രദ്ധേയം. മന്ത്രിയുടെ ആശംസക്ക് താഴെ ബ്രസീല്‍ ആരാധകര്‍ കമന്‍റുകളുമായി നിറയുമ്പോള്‍ ബ്രസീലിനെ സെവന്‍ അപ് ഓര്‍മിപ്പിച്ച് ഒറ്റപ്പെട്ട അര്‍ജന്‍റീന ഫാന്‍സും കമന്‍റ് ബോക്സില്‍ രംഗത്തുണ്ട്. സൗദി അറേബ്യക്കെതിരായ തോല്‍വിയുടെ ക്ഷീണത്തിലിരിക്കുന്ന അര്‍ജന്‍റീന ആരാധകര്‍ കൂട്ടത്തോടെ കടന്നാക്രമണത്തിന് മുതിര്‍ന്നിട്ടില്ല.
സാധാരണയായി മന്ത്രി ശിവന്‍കുട്ടിയുടെ പോസ്റ്റുകള്‍ക്ക് അപ്പോള്‍ തന്നെ മറുപടി പറയാറുള്ള സിപിഎം നേതാവ് എം എം മണിയും ഇതുവരെ നിശബ്ദനാണ്. അര്‍ജന്‍റീനയുടെ തോല്‍വിയാണോ മണിയാശാനെ മൗനത്തിലാഴ്ത്തിയതെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം.
കഴിഞ്ഞ ദിവസം സൗദി അറേബ്യക്കെതിരായ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് എംഎഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പില്‍ എന്നാലും ഞങ്ങള്‍ അര തന്നെയാണെന്ന് പറഞ്ഞ് ഫേസ്ബുക് പോസ്റ്റിട്ടിരുന്നു.
ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തില്‍ സെര്‍ബിയ ആണ് ആദ്യ മത്സരത്തില്‍ ബ്രസീലിന്‍റെ എതിരാളികള്‍. 28ന് സ്വിറ്റര്‍സര്‍ലന്‍ഡിനെയും ഡിസംബര്‍ മൂന്നിന് കാമറൂണിനെയും ബ്രസീല്‍ നേരിടും. പരാജയമറിയാതെ തുടര്‍ച്ചയായി 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ബ്രസീല്‍ ലോകകപ്പില്‍ പന്തു തട്ടാനിറങ്ങുന്നത്.
സൗദിയെ അഭിനന്ദിക്കുന്നു, പക്ഷേ...; അര്‍ജന്‍റീനയുടെ പരാജയത്തിന് ഒറ്റക്കാരണം, ചൂണ്ടിക്കാട്ടി എം എം മണി
ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ അര്‍ജന്‍റീന ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു സൗദി അറേബ്യയോട് തോറ്റത്. പരാജയമറിയാതെ 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതിന്‍റെ പകിട്ടുമായെത്തിയ അര്‍ജന്‍റീന ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് സൗദി അട്ടിമറി വിജയം സ്വന്തമാക്കിയത്.
