വിനീഷ്യസ് ജൂനിയറിന്‍റെ ഇടത് വശത്ത് നിന്നുള്ള ക്രോസില്‍ ഫസ്റ്റ് ടച്ച് എടുത്ത് അക്രോബാറ്റിക് ഷോട്ടിലൂടെ റിച്ചാര്‍ലിസണ്‍ വല കുലുക്കുകയായിരുന്നു

ദോഹ: ഖത്തർ ലോകകപ്പില്‍ ഇതുവരെ കണ്ട ഏറ്റവും മികച്ച ഗോള്‍ സെർബിയക്കെതിരെ ബ്രസീലിന്‍റെ റിച്ചാർലിസണ്‍ നേടിയ ഗോളാണ്. വിനീഷ്യസ് ജൂനിയറിന്‍റെ ക്രോസ് കാലില്‍ സ്വീകരിച്ച ശേഷം അക്രോബാറ്റിക് ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു റിച്ചാർലിസണ്‍. ഈ ഗോള്‍ അപ്രതീക്ഷിതമായി സംഭവിച്ചതല്ല എന്നാണ് വ്യക്തമാക്കുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് റിച്ചാർലിസണ്‍ സമാന ഫിനിഷിംഗിന് പരിശീലിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുന്നു. പ്രമുഖ സ്പോർട്സ് ചാനലായ ഇഎസ്‍പിഎന്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 

വിനീഷ്യസ് ജൂനിയറിന്‍റെ ഇടത് വശത്ത് നിന്നുള്ള ക്രോസില്‍ ഫസ്റ്റ് ടച്ച് എടുത്ത് അക്രോബാറ്റിക് ഷോട്ടിലൂടെ റിച്ചാര്‍ലിസണ്‍ വല കുലുക്കുകയായിരുന്നു. മത്സരത്തില്‍ സെര്‍ബിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് കാനറികള്‍ ജയിച്ച് കയറി. രണ്ട് ഗോളും റിച്ചാർലിസണിന്‍റെ വകയായിരുന്നു. 62-ാം മിനുറ്റിലായിരുന്നു ആദ്യ ഗോള്‍. ബോക്‌സില്‍ നിന്ന് വിനീഷ്യസ് ജൂനിയറിന്‍റെ നിലംപറ്റെയുള്ള ഫിനിഷിംഗ് ശ്രമം ഗോള്‍കീപ്പര്‍ തട്ടിയകറ്റിയപ്പോള്‍ തക്കംപാർത്തിരുന്ന റിച്ചാര്‍ലിസണ്‍ റീബൗണ്ടിലൂടെ വല ചലിപ്പിക്കുകയായിരുന്നു. 73-ാം മിനുറ്റിലായിരുന്നു കാനറി ആരാധകരെ സാംബ നൃത്തച്ചുവടുകളില്‍ ആറാടിച്ച റിച്ചാര്‍ലിസണിന്‍റെ അക്രോബാറ്റിക് ഗോളിന്‍റെ പിറവി. 

Scroll to load tweet…

ആശങ്കയായി നെയ്മർ

ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സെർബിയക്കെതിരെ രണ്ട് ഗോളിന്‍റെ ജയം നേടിയെങ്കിലും സ്വിറ്റ്സർലന്‍ഡിന് എതിരായ രണ്ടാം കളിക്ക് മുമ്പ് ബ്രസീലിന് നിരാശ വാർത്തയുണ്ട്. സെർബിയക്കെതിരായ കളിയില്‍ പരിക്കേറ്റ സൂപ്പർ താരം നെയ്മർ സ്വിസ് പടയ്ക്കെതിരെ കളിക്കില്ല. നിക്കോള മിലങ്കോവിച്ചിന്‍റെ ടാക്ലിംഗില്‍ പരിക്കേറ്റ നെയ്മർ മത്സരം പൂര്‍ത്തിയാവാന്‍ 11 മിനിറ്റ് ബാക്കിയിരിക്കെ പരിക്കേറ്റ കാലുമായി മുടന്തി മൈതാനം വിടുകയായിരുന്നു. മത്സരത്തില്‍ 9 തവണയാണ് സെർബിയന്‍ താരങ്ങള്‍ നെയ്മറെ ഫൗൾ ചെയ്തത്. നെയ്മറുടെ പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്നതില്‍ വ്യക്തത വരാനുണ്ട്. 

സെർബിയക്കെതിരെ റിച്ചാർലിസന്റെ അക്രോബാറ്റിക് ​ഗോൾ; ഇതുവരെയുള്ളതിൽ മികച്ചതെന്ന് ഫുട്ബോൾ ലോകം