പകരക്കാരന്‍റെ കുപ്പായത്തിൽ വന്ന് ഹീറോയുടെ തലപ്പാവണിഞ്ഞാണ് 21കാരൻ എൻസോ ഫെർണാണ്ടസ് ലുസൈല്‍ സ്റ്റേഡിയത്തിന്‍റെ പച്ചപ്പിൽ നിന്ന് മടങ്ങിയത്

ദോഹ: ഇതാണ് ഫിനിഷിംഗ് ചാരുത, ഒരു അര്‍ജന്‍റീനന്‍ കവിത പോലെ. ഫിഫ ലോകകപ്പില്‍ 64-ാം മിനിറ്റില്‍ ലിയോണല്‍ മെസിയുടെ ഗോളിൽ മെക്‌സിക്കോയ്ക്കെതിരെ അർജന്‍റീന മുന്നിലെത്തിയെങ്കിലും ആധികാരിക വിജയം സമ്മാനിച്ചത് എൻസോ ഫെർണാണ്ടസിന്‍റെ രണ്ടാം ഗോളാണ്. 57-ാം മിനിട്ടിൽ പകരക്കാരനായി എത്തിയ ശേഷമാണ് 87-ാം മിനിറ്റില്‍ ക്ലാസിക് ഗോളിലൂടെ താരമായി എൻസോ മൈതാനത്ത് നിന്ന് മടങ്ങിയത്. സാക്ഷാല്‍ മെസിയുടെ ഗോളിന് ഒരുപടി മുന്നില്‍ നില്‍ക്കുന്ന വല ചലിപ്പിക്കല്‍ കൂടിയായി ഇത്. 

പകരക്കാരന്‍റെ കുപ്പായത്തിൽ വന്ന് ഹീറോയുടെ തലപ്പാവണിഞ്ഞാണ് 21കാരൻ എൻസോ ഫെർണാണ്ടസ് ലുസൈല്‍ സ്റ്റേഡിയത്തിന്‍റെ പച്ചപ്പിൽ നിന്ന് മടങ്ങിയത്. ദേശീയ ടീമിൽ ആകെ നാല് മത്സരങ്ങളുടെ പരിചയം മാത്രമേ താരത്തിനുള്ളൂ. അഞ്ചാം മത്സരം ലോകകപ്പ് വേദിയിലായപ്പോള്‍ അവിടെ നിന്ന് കരിയറിലെ ആദ്യ ഗോളും പിറന്നു. അതുമൊരു ക്ലാസിക് ഫിനിഷിംഗില്‍. സാക്ഷാല്‍ മെസിയ്ക്ക് ശേഷം അർജന്‍റീനയ്ക്കായി ലോകകപ്പ് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി ഇതോടെ എൻസോ ഫെർണാണ്ടസ്.

Scroll to load tweet…

അർജന്‍റീനൻ ക്ലബ് റിവർ പ്ലേറ്റിൽ കരിയർ ആരംഭിച്ച എൻസോ നിലവിൽ പോർച്ചുഗൽ ക്ലബ്ബായ ബെൻഫികയുടെ താരമാണ്. നിലവിൽത്തന്നെ വൻകിട യൂറോപ്യൻ ക്ലബുകളുടെ നോട്ടപ്പുള്ളിയായ എൻസോയുടെ താരമൂല്യം ലോകകപ്പ് ഗോളോടെ കുതിച്ചുയരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 87-ാം മിനിട്ടിലെ ഒരു ഷോര്‍ട് കോര്‍ണറില്‍ നിന്ന് മെസി പന്ത് തലോടി തന്നപ്പോള്‍ ഒച്ചാവ എന്ന മെക്‌സിക്കന്‍ തിരമാലയെ വകഞ്ഞുമാറ്റി ഗോൾപോസ്റ്റിന്‍റെ വലത് മൂലയിലേക്ക് വളച്ചിറക്കിയ സുന്ദര ഗോൾ പോളണ്ടിനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ എൻസോയ്ക്ക് ഇടം നേടിക്കൊടുത്തേക്കും. 

മെക്‌സിക്കന്‍ തിരമാല ഭേദിച്ച് മെസിയുടെ ഗോളും അസിസ്റ്റും; റെക്കോര്‍ഡുകളുടെ നീലാകാശത്ത് മിശിഹ