ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ കാനഡ ബോസ്നിയയെ സമനിലയിൽ തളച്ചു. 21ാം മിനിറ്റിൽ ജോവോ ലൂക്കിച്ചിലൂടെ ബോസ്നിയ മുന്നിലെത്തിയെങ്കിലും, 79ആം മിനിറ്റിൽ പകരക്കാരനായിറങ്ങിയ കൈയ്ൽ ലാരിൻ കാനഡയ്ക്ക് സമനില ഗോൾ നേടിക്കൊടുത്തു.
ടൊറന്‍റോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില. 79ആം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കൈയ്ൽ ലാരിൻ ആണ് കാനഡയുടെ സമനില ഗോൾ നേടിയത്. 21ആം മിനിറ്റിൽ ജോവോ ലൂക്കിച്ചാണ് ബോസ്നിയയ്ക്കായി ഗോൾ അടിച്ചത്.
ബോസ്നിയ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. 54 ശതമാനം പന്തടക്കവുമായി കാനഡ ഒപ്പം പിടിച്ചെങ്കിലും ഗോളടിക്കാനായില്ല. കോർണർ കിക്കിൽ സീഡ് കൊലാസിനാക് ഹെഡറിലൂടെ ഗോൾ മുഖത്തേക്ക് നൽകിയ പന്ത് ജോവോ ലൂക്കിച്ച് ഹെഡ് ചെയ്ത് വലയിൽ എത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ലഭിച്ച ഒരേയൊരു കോർണർ കിക്ക് അവസരം ബോസ്നിയ ഗോളാക്കി മാറ്റുകയായിരുന്നു.
രണ്ടാം പകുതിയിൽ ഇരു ടീമുകളും വാശിയോടെ കളം നിറഞ്ഞു. 50 മിനിറ്റിനു ശേഷം രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ കാനഡയ്ക്ക് കഴിഞ്ഞില്ല. 76ാം മിനിറ്റിൽ താനി ഒലുവസേയിയ്‌ക്ക് പകരക്കാരനായി ഇറങ്ങിയ കൈയ്ൽ ലാരിൻ രണ്ടാം മിനിറ്റിൽ കാനഡയെ ആശ്വാസ സമനിലയിൽ കൊണ്ടു ചെന്നെത്തിക്കുകയായിരുന്നു.
ലോകമെമ്പാടുമുള്ള ഇറ്റാലിയൻ ആരാധകരെ കണ്ണീരണിയിച്ചുകൊണ്ടാണ് ബോസ്നിയ ഇത്തവണ ലോകകപ്പ് മത്സരത്തിനായി വണ്ടികയറിയത്. യൂറോപ്യൻ പ്ലേ ഓഫിന്‍റെ പെനൽറ്റി ഷൂട്ടൗട്ടിൽ വമ്പന്മാരായ ഇറ്റലിയെ ഞെട്ടിച്ചു ബോസ്നിയൻ കരുത്ത്. നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബോസ്നിയ ലോക ഫുട്ബോളിന്‍റെ മഹാമേളയിലേക്ക് തിരിച്ചെത്തിയത്. വെറുമൊരു തിരിച്ചുവരവല്ല ഇത്. 2014 ലോകകപ്പിൽ ഇറാനെതിരെ നേടിയ വിജയമാണ് ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ ബോസ്നിയയുടെ ഏറ്റവും മികച്ച പ്രകടനം.
1986 ലും 2022 ലും കാനഡ മത്സരിച്ചു. രണ്ടു ലോകകപ്പുകളിലായി കളിച്ച ആറു മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനായിരുന്നില്ല കാനഡയ്ക്ക്. അതേസമയം കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ബൽജിയത്തിനെതിരെ കാനഡയുടെ പ്രകടനം കയ്യടി നേടിയിരുന്നു.
