ഗുവാഹത്തി: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനുള്ള ഇന്ത്യൻ ടീമിന്‍റെ പരിശീലന ക്യാമ്പ് ഗുവാഹത്തിയിൽ തുടങ്ങി. ഈമാസം പന്ത്രണ്ട് വരെ കോച്ച് ഇഗോർ സ്റ്റിമാച്ചിന് കീഴിൽ ടീം ഗുവാഹത്തിയിൽ പരിശീലനം നടത്തും. പതിനഞ്ചിന് കൊൽക്കത്തയിലാണ് മത്സരം. കരുത്തരായ ഖത്തറിനെ അവരുടെ തട്ടകത്തിൽ ഗോൾ രഹിത സമനിലയിൽ തളച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. 

പരിശീലന ക്യാമ്പിനിടെ ഇന്ത്യൻ ടീം ഐഎസ്‌എൽ ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഒൻപതിന് സന്നാഹമത്സരം കളിക്കും. സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, അനസ് എടത്തൊടിക എന്നിവരാണ് ടീമിലെ മലയാളികൾ. പരുക്കിൽ നിന്ന് മോചിതനായി ക്യാപ്റ്റൻ സുനിൽ ഛേത്രി തിരിച്ചെത്തുന്നത് ഇന്ത്യക്ക് കരുത്താവും.