എപി വിഭാ​ഗത്തിന്റെ  മര്‍ക്കസ് ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥികളാണ് കോളേജ് മൈതാനത്ത് അഭ്യാസപ്രകടനം നടത്തിയത്. ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് അതിരുകവിഞ്ഞ ആരാധന പാടില്ലെന്ന് എപി വിഭാ​ഗം നേരത്തെ പറഞ്ഞിരുന്നു.

കോഴിക്കോട്: കോഴിക്കോട് കാരന്തൂരിൽ ഫുട്ബോൾ ആരാധകരുടെ അഭ്യാസ പ്രകടനം. മൈതാനത്ത് കോളേജ് വിദ്യാര്‍ഥികളാണ് വിവിധ രാജ്യങ്ങളുടെ പതാകയുമായി വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇവർ കൂട്ടമായെത്തി മൈതാനത്ത് അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ച് അഭ്യാസപ്രകടനം നടത്തിയത്. ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ആരാധകരുടെ പരിധി കവിഞ്ഞ അഭ്യാസമാണ് നടന്നത്. എപി വിഭാ​ഗത്തിന്റെ മര്‍ക്കസ് ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥികളാണ് കോളേജ് മൈതാനത്ത് അഭ്യാസപ്രകടനം നടത്തിയത്. ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് അതിരുകവിഞ്ഞ ആരാധന പാടില്ലെന്ന് എപി വിഭാ​ഗം നേരത്തെ പറഞ്ഞിരുന്നു. കണ്ടുനിന്ന ചിലരാണ് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് പൊലീസിനും എംവിഡിക്കും നൽകിയത്.

തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസ് സ്ഥലത്തെത്തിയതോടെ വാഹനം ഉപേക്ഷിച്ച് വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടു. കാറുടമകളെപ്പറ്റി മോട്ടോര്‍ വാഹന വകുപ്പും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതുവരെ നാല് വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് തിരിച്ചറിഞ്ഞെന്നാണ് സൂചന. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വാഹന ഉടമകളോട് കൊടുവള്ളി ആര്‍.ടി.ഒ. മുമ്പാകെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശവും നല്‍കി. വാഹന അഭ്യാസത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് കോളേജ് അധികൃതർ പറഞ്ഞു. 

അപകടകരമായി കാർ ഓടിച്ച് ഫുട്‍ബോൾ ആരാധകരുടെ അഭ്യാസപ്രകടനം | FIFA World Cup 2022 | Kozhikode