ബാഴ്‌സലോണ: ക്ലബ് ഫുട്ബോളില്‍ ഇന്ന് വമ്പന്‍ ടീമുകള്‍ക്ക് മത്സരങ്ങള്‍. സ്‌പാനിഷ് ലീഗിൽ ബാഴ്‌സലോണ മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങും. ഒസസൂനയാണ് എതിരാളികൾ. ഒസസൂനയുടെ ഗ്രൗണ്ടിലാണ് മത്സരം. പരിക്കേറ്റ നായകന്‍ ലിയോണൽ മെസി ബാഴ്‌സക്കായി കളിക്കില്ല. എന്നാല്‍ മെസി ടീമിനൊപ്പം മുഴുവൻ സമയവും പരിശീലനം നടത്തുന്നുണ്ട്.

പരിക്കേറ്റ ലൂയിസ് സുവരാസും ഉസ്‌മാൻ ഡെംബലേയും ബാഴ്‌സ നിരയിലുണ്ടാവില്ല. ആദ്യ മത്സരത്തിൽ അത്‍ലറ്റിക്കോ ബിൽബാവോയോട് തോറ്റ ബാഴ്‌സലോണ രണ്ടാം മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളിന് റയൽ ബെറ്റിസിനെ തോൽപിച്ചിരുന്നു.

ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ സീസണിലെ ആദ്യ വമ്പന്‍ പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ യുവന്‍റസ് കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ നാപ്പോളിയെ നേരിടും. ‍ഇന്ത്യന്‍ സമയം രാത്രി 12.15ന് യുവന്‍റസ് മൈതാനത്താണ് മത്സരം. ഇരുടീമുകളും ആദ്യ മത്സരത്തിൽ ജയിച്ചിരുന്നു. നിലവില്‍ ഗോള്‍ശരാശരിയിൽ നാപ്പോളി മൂന്നാമതും യുവന്‍റസ് ഏഴാം സ്ഥാനത്തുമാണ്. ന്യുമോണിയ കാരണം വിശ്രമത്തിലായിരുന്ന യുവന്‍റസ് പരിശീലകന്‍ സാരി ഡഗൗട്ടിൽ തിരിച്ചെത്തുമെന്ന് സൂചനയുണ്ട്.

ജര്‍മന്‍ ലീഗില്‍ ബയേൺ മ്യൂണിക്കും ബൊറൂസിയ ഡോര്‍ട്മുണ്ടും ഇന്നിറങ്ങും. ഹോം മത്സരത്തില്‍ മെയ്ന്‍സ് ആണ് ബയേണിന്‍റെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം. രണ്ട് കളിയിൽ ഒരു ജയവും ഒരു സമനിലയും ഉള്ള ബയേൺ നാല് പോയിന്‍റുമായി ആറാം സ്ഥാനത്താണ്. രണ്ട് കളിയും തോറ്റ മെയ്ന്‍സ് നിലവില്‍ അവസാന സ്ഥാനത്താണ്. ബാഴ്‌സയിൽ നിന്ന് വായ്‌പാടിസ്ഥാനത്തില്‍ ബയേണിലെത്തിയ ഫിലിപ്പെ കുടീഞ്ഞോ ആദ്യ ഇലവനിൽ ഇറങ്ങിയേക്കും. 

ആദ്യ രണ്ട് കളിയും ജയിച്ച ബൊറൂസിയ ഡോര്‍ട്മുണ്ട് ആണ് ലീഗില്‍ മുന്നിൽ. ബൊറൂസിയ ഇന്ന് എവേ മത്സരത്തിൽ യൂണിയന്‍ ബെര്‍ലിനെ നേരിടും.